tajmahal

ന്യൂഡൽഹി: കൊറോണ പ്രതിരോധത്തെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ഇന്ത്യയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളും മാളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ തുടങ്ങി. ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹൽ അടച്ചു. മുംബയ് നഗരഹൃദയത്തിലെ സിദ്ധിവിനായക് ക്ഷേത്രവും അടച്ചു. മാളുകളും സ്മാരകങ്ങളും സ്വിമ്മിംഗ് പൂളുകളും ജിമ്മുകളും അടച്ചു. കേന്ദ്ര പുരാവസ്തുവകുപ്പിന് കീഴിലുള്ള എല്ലാ ചരിത്രസ്മാരകങ്ങളും ഇന്നും നാളെയുമായി അടയ്ക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളായ അജന്ത, എല്ലോറ ഗുഹകൾ വ്യാഴാഴ്ച മുതൽ അടച്ചിടും. മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലയിലും സ്‌കൂളുകളും കോളേജുകളും അടച്ചിടും. വടക്കുകിഴക്കൻ സംസ്ഥാനമായ ത്രിപുരയിലും സ്‌കൂളുകളും കോളജുകളും അടച്ചു. തിയേറ്ററുകൾ, ജിമ്മുകൾ, സ്വിമ്മിംഗ് പൂളുകൾ എന്നിവയും അടച്ചിട്ടു. മേഘാലയയിലും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

സ്വകാര്യ സ്ഥാപനങ്ങൾ തൊഴിലാളികളെ വീട്ടിലിരുന്ന ജോലി ചെയ്യാൻ അനുവദിച്ചു തുടങ്ങി. യു.എ.ഇ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് വരുന്നവരെ 14 ദിവസം നിരീക്ഷിക്കുകയാണ്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, തുർക്കി, ബ്രിട്ടൺ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലയളവാണ് താജ് മഹലിന്റെ പീക്ക് സീണണായി അറിയപ്പെടുന്നത്. ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ടൂറിസ്റ്റുകൾ ഈ സമയം ഇവിടേക്ക് ഒഴുകിയെത്തുന്നു. ലക്ഷങ്ങളുടെ വരുമാനമാണ് ഇതിലൂടെ ലഭിക്കുന്നത്. യൂറോപ്യൻ യൂനിയൻ, തുർക്കി, ബ്രിട്ടൻ എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് കേന്ദ്ര സർക്കാർ യാത്രവിലക്ക് ഏർപ്പെടുത്തി.

രാജ്യത്ത് 114 പേർക്ക് കൊറോണ, 5200പേർ എെസോലേഷനിൽ

രാജ്യത്ത് 15 പേർക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. അതോടെ 114 പേർക്കാണ് നിലവിൽ കൊറോണബാധയുള്ളത്. രോഗം ഭേദമായ 13 പേരെ ഒഴിവാക്കിയ കണക്കാണിത്. രണ്ടുപേരാണ് മരിച്ചത്. തിങ്കളാഴ്ച കേരളത്തിൽ മൂന്നുപേർക്കും ലഡാക്, ഒഡിഷ, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ 5,200 പേരെ ഐസൊലേഷൻ വാർഡിലാക്കി.

സമരം തുടരാൻ അനുവദിക്കില്ല

രാജ്യതലസ്ഥാനത്ത് 50പേരിൽ കൂടുതലുള്ള ഒരു യോഗത്തിനും മാർച്ച് 31വരെ അനുമതി നൽകില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാൾ പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരെ 90 ദിവസമായി പൊരുതുന്ന ശാഹീൻബാഗിലെയും ജാമിഅ മില്ലിയ്യയിലെയും പ്രതിഷേധക്കാർക്ക് സമരം തുടരാനാകില്ല. വൈറസ് ബാധ സാമ്പത്തിക മേഖലയെ എങ്ങനെ ബാധിച്ചുവെന്ന് പഠിക്കാൻ ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകി.

ജവഹർ നവോദയ വിദ്യാലയങ്ങളിൽ വേനൽക്കാല അവധി മാർച്ച് 21 മുതൽ മേയ് 25 വരെയാക്കി. അഭിഭാഷകരെയും ന്യായാധിപന്മാരെയും മാദ്ധ്യമപ്രവർത്തകരെയും തെർമൽ സ്‌ക്രീനിംഗ് നടത്തിയാണ് ഇന്നലെ സുപ്രീംകോടതിയിൽ പ്രവേശിപ്പിച്ചത്. വാണിജ്യനഗരമായ മുംബയ് ഉൾപ്പെടുന്ന മഹാരാഷ്ട്രയിൽ മാത്രം 39 പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനങ്ങളിൽ ഒഡീഷയിലാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.