lovers

അഞ്ചാലുംമൂട്: പ്ലസ്‌ടു പരീക്ഷ കഴിഞ്ഞ് 'കറങ്ങാൻ' ഇറങ്ങിയ കമിതാക്കളെ പൊലീസ് പിടികൂടി കൈയോടെ വീട്ടുകാരെ ഏൽപ്പിച്ചു. എന്നാൽ അവർ പ്രണയത്തിലാണെന്ന വീട്ടുകാരുടെ മറുപടി കേട്ട് ഞെട്ടിയത് പൊലീസ്. ഒടുവിൽ പൊലീസിന് പണിയുണ്ടാക്കരുതെന്ന് താക്കീത് നൽകി വിട്ടയച്ചു. ഇന്നലെ ഉച്ചയ്ക്ക് അഞ്ചാലുംമൂട് ജംഗ്‌ഷനിലാണ് നാടകീയ രംഗങ്ങൾ നടന്നത്. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സ്‌കൂളിന് മുന്നിൽ കാത്തുനിന്ന കാമുകൻ വിദ്യാർത്ഥിനിയെ ഒപ്പം കൂട്ടി.

കൈകൾ കോർത്ത് റോഡിലൂടെ നടക്കുന്നതിനിടെ എസ്.എച്ച്.ഒ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരോട് കാര്യം തിരക്കിയപ്പോൾ 'ഒന്ന് കറങ്ങാനിറങ്ങിയതാ സാറേ' എന്നായിരുന്നു യുവാവിന്റെ മറുപടി. പ്രായപൂർത്തിയാകാത്ത ഇരുവരെയും പൊലീസ് കൈയോടെ പൊക്കി സ്റ്റേഷനിലെത്തിച്ചു. ഇരുവീട്ടുകാരെയും വിവരം അറിയിച്ചു. എന്നാൽ വീട്ടുകാരുടെ മറുപടി കേട്ട പൊലീസ് അന്തംവിട്ടു. അവർ പ്രണയത്തിലാണെന്നായിരുന്നു വീട്ടുകാരുടെയും നിലപാട്. ഒടുവിൽ പ്രണയവും കറക്കവും ഒക്കെ പ്രായപൂർത്തിയായി വിവാഹത്തിന് ശേഷം മതിയെന്നും പൊലീസിന് പണിയുണ്ടാക്കരുതെന്നും താക്കീത് നൽകി വിട്ടയച്ചു.