പാറശാല: പരശുവയ്ക്കൽ പഞ്ചായത്ത് രൂപീകരിക്കണമെന്ന നാട്ടുകാരുടെ പത്തുവർഷത്തിലധികം പഴക്കമുള്ള സ്വപ്നം ഇനിയും നടപ്പിലായില്ല. ഇത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ജനസാന്ദ്രതയും വിസ്‌തൃതിയും ഏറെയുള്ള പാറശാല ഗ്രാമപഞ്ചായത്ത് വിഭജിച്ച് പാറശാല, പരശുവയ്ക്കൽ എന്നീ രണ്ട് പഞ്ചായത്തുകളാക്കണമെന്ന പരശുവയ്ക്കൽ നിവാസികളുടെ ആവശ്യത്തിന് തുരങ്കം വയ്‌ക്കുന്നത് ഉദ്യോഗസ്ഥ തലത്തിൽ സ്വാധീനമുള്ളവരാണെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ട് വില്ലേജ് ഓഫീസുകളുള്ള ചുരുക്കം ഗ്രാമപഞ്ചായത്തുകളിലൊന്നാണ് പാറശാല. ജനസാന്ദ്രത കാരണം വിഭവ സമാഹരണ - ഭരണ നിർവഹണ - വികസന പ്രവർത്തനങ്ങളിൽ പഞ്ചായത്ത് അധികൃതർ വീർപ്പുമുട്ടിയപ്പോഴാണ് കഴിഞ്ഞ യു.ഡി.എഫ് ഭരണ കാലത്ത് പരശുവയ്ക്കൽ പഞ്ചായത്തെന്ന ആവശ്യമായി നാട്ടുകാർ രംഗത്തെത്തിയത്. ചെങ്കൽ, കൊല്ലയിൽ പഞ്ചായത്തുകളിലെ ചില വാർഡുകൾ ഉൾപ്പെടുത്തി പരശുവയ്ക്കൽ ഗ്രാമപഞ്ചായത്ത് രൂപീകരിക്കാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും ചിലരുടെ ഇടപെടലുകൾ കാരണം സർക്കാർ തീരുമാനം നടപ്പിലായില്ല. തുടർന്ന് നാട്ടുകാർ ഹർത്താൽ ഉൾപ്പെടെ നടത്തി പ്രതിഷേധിച്ചിരുന്നു. നാട്ടുകാരനായ അഭിഭാഷകൻ മോഹൻകുമാർ പരശുവയ്ക്കൽ സർക്കാർ അവഗണനക്കെതിരെ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യുകയും ചെയ്തു. ജനസംഖ്യയുടെയും വിസ്‌തൃതിയുടെയും കണക്കുകൾ പരിശോധിച്ച കോടതി ജനങ്ങളുടെ ആവശ്യം അംഗീകരിച്ച് അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് പരശുവയ്ക്കൽ പഞ്ചായത്ത് രൂപീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ഉത്തരവിറക്കി. എന്നാൽ സർക്കാരിന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇത്തവണയും വിഭജനം നടക്കില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാതെ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോയാൽ കോടതിയെ സമീപിക്കാനാണ് നാട്ടുകാരുടെ തീരുമാനം.