കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിൽ അതു ബാധിച്ചവരുടെ എണ്ണം രണ്ടക്കത്തിൽ നിൽക്കുകയാണ് കേരളത്തിൽ. മൂന്നാം ഘട്ടത്തിലും വൈറസിനെ ചെറുക്കുക എന്നതാണ് കടുത്ത വെല്ലുവിളി. ഇതേക്കുറിച്ച് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ മൊളിക്യുലാർ വൈറോളജി വിഭാഗം ശാസ്ത്രജ്ഞൻ ഡോ.ഇ.ശ്രീകുമാർ സംസാരിക്കുന്നു.
ഭീതി ഒഴിയാറായോ?
ഇനിയാണ് ഭയക്കേണ്ടത്. മറ്റു രാജ്യങ്ങളിലും ആദ്യ രണ്ട് ഘട്ടങ്ങളിൽ വൈറസ് ബാധിതരുടെ എണ്ണം കേരളത്തിന് സമാനമായിരുന്നു. മൂന്നാം ഘട്ടത്തിലാണ് വ്യാപകമായത്. അതിനാൽ അടുത്ത 14 ദിവസം കേരളത്തെ സംബന്ധിച്ചിടത്തോളം അതിനിർണായകമാണ്.
കേരളത്തിന്റെ പ്രതിരോധം?
വ്യക്തമായ ദിശാബോധത്തോടെയാണ് മുന്നോട്ടു പോകുന്നത്. മാർച്ച് 31വരെ കനത്ത ജാഗ്രത അനിവാര്യമാണ്. ചൈനയും യൂറോപ്പും ഇറ്റലിയും മറ്റും തുടക്കത്തിൽ കൊറോണയെ നിസാരമായി കണ്ടു. അതാണ് വലിയ ദുരന്തത്തിന് കാരണമായത്. നമ്മൾ അങ്ങനെയല്ല, ചെറിയ പാളിച്ചകൾ തിരുത്തണം.
നിരീക്ഷണം എത്രനാൾ ?
പൂർണമായി വൈറസ് വ്യാപനം തടയാനാവില്ല. അതിന് ലോകരാജ്യങ്ങൾ എല്ലാം കൊറോണയെ ഇല്ലാതാക്കണം.
നമ്മുടെ മുന്നിലുള്ള വഴി ഒന്നും രണ്ടും ഘട്ടങ്ങളിലായി വൈറസിനെ ചെറുക്കുക എന്നതാണ്. എത്ര നാൾ തുടരണമെന്ന് ഇപ്പോൾ പറയാനാവില്ല. മുൻകരുതലുകൾ നിർബന്ധമായും പാലിക്കണം.
രോഗബാധ, ലക്ഷണങ്ങൾ, മുൻകരുതലുകൾ ?
ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്ക് വരുന്ന സ്രവങ്ങളിലാണ് രോഗാണുക്കളുള്ളത്. തൂവാല കർശനമായി ഉപയോഗിക്കണം. ചുമയ്ക്കുകയും തുമ്മുകയും ചെയ്ത ആളിന്റെ കൈയിൽ സ്രവങ്ങൾ പറ്റും. ആ കൈ സ്പർശിക്കുന്നിടത്തെല്ലാം സ്രവങ്ങൾ പടരും. മറ്റൊരാൾ അതിൽ സ്പർശിക്കുന്നതോടെ വൈറസ് പകരും.
അതുകൊണ്ടാണ് ബ്രേക് ദ ചെയിൻ ബോധവത്‌കരണത്തിന് പ്രസക്തിയേറുന്നത്. കൈകൾ കഴുകിയേ മതിയാകൂ. പൊതുവാഹനങ്ങളിൽ സഞ്ചരിക്കുന്നവർ, ഓഫീസുകളിൽ എത്തുന്നവരെല്ലാം കൈ കഴുകാതെ മുഖത്ത് സ്പർശിക്കരുത്.
ചെറിയ പനിയും കഫമില്ലാത്ത ചുമയുമാണ് ലക്ഷണം. തൊണ്ടയ്ക്ക് അസ്വസ്ഥത അനുഭവപ്പെടും. വൈറസ് ശക്തമായാൽ ശ്വാസതടസം ഉണ്ടാകും. മൂക്കൊലിപ്പും തുമ്മലും കൊറോണയുടെ ലക്ഷണങ്ങൾ അല്ല.
ലക്ഷണങ്ങൾ കുറവായതിനാൽ മറ്റുള്ളവരുമായി അടുത്ത് ഇടപഴകും. ഇത് പകർച്ച വേഗത്തിലാക്കും.
കൂടുതൽ അപകടകാരി നിപ്പയോ കൊറോണയോ ?
നിപ്പയുടെ മരണസാദ്ധ്യത 90 ശതമാനമാണെങ്കിൽ കൊറോണയ്ക്ക് രണ്ട് ശതമാനമാണ്. നിപ്പ കുറച്ച് ആളുകളിൽ മാത്രം എത്തുമ്പോൾ കൊറോണ അതിവേഗം പടരും. നിപ്പയുടെ ഉറവിടം വ്യക്തമായിരുന്നു. കൊറോണ എവിടെ നിന്ന് വരുമെന്ന് പറയാൻ പറ്റില്ല.
പ്രായമായവരെയും മറ്റുരോഗങ്ങളുള്ളവരെയും കൊറോണ ബാധിച്ചാൽ വേഗത്തിൽ ന്യൂമോണിയയായി മാറും. അത് മരണത്തിന് കാരണമാകും. ചെറുപ്പക്കാരിലും കുട്ടികളിലും വൈറസ് ബാധയുണ്ടായാലും ദോഷം ചെയ്യില്ല. പക്ഷേ, നമ്മുടെ ആരോഗ്യസംവിധാനത്തിന് താങ്ങാൻ കഴിയുന്നതിനപ്പുറം വൈറസ് ബാധിതർ ഉണ്ടായാൽ യഥാസമയം ചികിത്സ നൽകാൻ കഴിയാതെവരും.
മരുന്ന്, ചികിത്സ, ഗവേഷണം?
നിലവിൽ മരുന്നും വാക്സിനും ഇല്ല. ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള മരുന്ന് നൽകുകയാണ് ഏകമാർഗം. സ്വയം ചികിത്സ പാടില്ല.
ഗവേഷണം ചൈനയിൽ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ സ്ഥാപനങ്ങൾ അതിനുള്ള തയ്യാറെടുപ്പിലാണ്. രാജീവ് ഗാന്ധി സെന്ററും അതിന്റെ പാതയിലാണ്. ഗവേഷണത്തിന് ബയോസേഫ്റ്റി ലെവൽ-3 ലാബ് സജ്ജമാക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. വൈറസ് പരിശോധനയ്ക്കുള്ള സൗകര്യം രാജീവ് ഗാന്ധി സെന്ററിലുണ്ട്. സർക്കാർ അനുമതി ലഭിച്ചാൽ അത് തുടങ്ങും.