നെയ്യാറ്റിൻകര: ജലദൗർലഭ്യം പരിഹരിക്കാൻ നെയ്യാർഡാമിൽ നിന്നും പൂവാർ വരെ പണിതിട്ടുള്ള കനാലുകളിൽ വേനൽ കടുത്തിട്ടും ജലം തുറന്നു വിടാത്തതിനാൽ നെയ്യാറ്റിൻകര താലൂക്കിലെ പല പ്രദേശത്തും കുടിവെള്ളക്ഷാമം രൂക്ഷമായി. കനാലിന് സമീപത്തെ കിണറുകളും ജലാശയങ്ങളും വറ്റിവരണ്ടു. പൊതു ടാപ്പുകളെ ആശ്രയിച്ചിരുന്നവർക്കും വെള്ളത്തിന്റെ ലഭ്യത കുറഞ്ഞത് തിരിച്ചടിയായി. പണ്ട് വേനലിന് മുൻപ് കനാൽ വഴി ജലം തുറന്നു വിടുമായിരുന്നെന്നും ഇത് മുടങ്ങിയതോടെ ചെറു കർഷകരുടെ കൃഷികൾ നശിച്ചെന്നും നാട്ടുകാർ പറഞ്ഞു. നിലവിൽ കുടിവെള്ള ടാങ്കറുകളെ ആശ്രയിച്ചാണ് മിക്ക വീടുകളും കഴിയുന്നത്. ടാങ്കറുകൾ ഓരോ കുടം വെള്ളത്തിനും വലിയ വില ഇൗടാക്കുന്നുണ്ടെന്നും പ്രദേശവാസികൾക്ക് പരാതിയുണ്ട്. മഴക്കാലത്ത് ജലം സംഭരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാതെ അത് പൊഴിക്കരയിലൂടെ കടലിലേക്ക് ഒഴുക്കി വിടുന്നതും ക്ഷാമം രൂക്ഷമാക്കി. മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയെ തുടർന്നാണ് വെള്ളം കടലിലേക്ക് ഒഴുക്കുന്നതെന്നാണ് അധികൃതരുടെ വാദം. മഴവെള്ളം സംഭരിച്ച് ശുദ്ധീകരിക്കാൻ പ്രത്യേക പ്രോജക്ട് നടപ്പാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഇതും അധികൃതർ കണ്ട ഭാവം നടിക്കുന്നില്ല.