പാളം തെറ്റിപ്പോകുന്ന പദ്ധതി നിർവഹണത്തെക്കുറിച്ചുള്ള വാർത്തകൾ എല്ലാ സാമ്പത്തിക വർഷാവസാന കാലത്തും പതിവുള്ളതാണ്. ഡിസംബർ തൊട്ടേ തുടങ്ങും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട സ്ഥിതിവിവരങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ടുകൾ. പിഴവുകളും പോരായ്മകളും പുതുവർഷത്തിൽ ആവർത്തിക്കില്ലെന്ന് ഉറപ്പു നൽകുന്നതിൽ സർക്കാരും തദ്ദേശസ്ഥാപനങ്ങളും പിശുക്ക് കാട്ടാറില്ല. ഉറപ്പെല്ലാം പാഴ്വാക്കാണെന്ന് വഴിയേ ബോദ്ധ്യമാകും. ഇത്തവണയും അതിനു മാറ്റമൊന്നുമില്ല. സാമ്പത്തിക വർഷം അവസാനിക്കാൻ ഏതാനും ദിവസങ്ങളേ ബാക്കിയുള്ളൂ. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം പാതിവഴി പോലും എത്തിയിട്ടില്ലെന്നാണു റിപ്പോർട്ട്. വിഭാവനം ചെയ്ത പദ്ധതികളിൽ ഇതിനകം പൂർത്തിയാക്കാനായത് 47 ശതമാനം മാത്രം. ശേഷിക്കുന്ന രണ്ടാഴ്ചകൊണ്ട് എന്തായാലും അത് അൻപതു ശതമാനത്തിലെങ്കിലും എത്തുമെന്ന് തോന്നുന്നില്ല. കൊറോണ ബാധ കൂടി പിടിമുറുക്കിയതോടെ പദ്ധതി നിർവഹണവും ആകെ തകിടം മറിഞ്ഞ അവസ്ഥയിലാണ്. അധികാരികൾക്കു തങ്ങളുടെ കെടുകാര്യസ്ഥത മറച്ചുപിടിക്കാൻ കൊറോണ നല്ലൊരു ഒഴികഴിവുമായി.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പ് ഇഴഞ്ഞു നീങ്ങുന്നതിന് കാരണങ്ങൾ പലതാണ്. മുഖ്യമായത് സർക്കാരിൽ നിന്നുള്ള ഫണ്ട് വിഹിതം ലഭിക്കുന്നതിലെ കാലതാമസം തന്നെ. യഥാസമയം വിഹിതം ലഭിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ കാലേകൂട്ടി പദ്ധതി ആസൂത്രണം പൂർത്തിയാക്കി അനുമതി തേടണമെന്ന് നിഷ്കർഷിച്ചിട്ടുള്ളതാണ്. എന്നാൽ ഇതൊക്കെ പൂർത്തിയാക്കി സമർപ്പിക്കപ്പെടുന്ന പദ്ധതികൾക്കാവശ്യമായ ഫണ്ട് യഥാസമയം അനുവദിക്കുന്നതിൽ പലപ്പോഴും കാലതാമസം നേരിടാറുണ്ട്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് അതിനു കാരണം. നടപ്പുവർഷം പല ഘട്ടത്തിലും കടുത്ത ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ വലിയ തുകയ്ക്കുള്ള ബില്ലുകൾ പാസാക്കുന്നതിന് വിലക്കും ഏർപ്പെടുത്തിയിരുന്നു. കരാറുകാർക്ക് തങ്ങൾ ചെയ്ത പണിയുടെ ബില്ലുകൾ പാസാക്കിയെടുക്കാൻ കഴിയാതായതോടെ പലരും തദ്ദേശസ്ഥാപനങ്ങളുടെ മരാമത്തുപണികൾ ഏറ്റെടുക്കുന്നതിൽ നിന്ന് ഒഴിഞ്ഞു മാറാൻ തുടങ്ങി. ചെറുകിട കരാറുകാരാണ് ഒട്ടുമിക്ക അവസരങ്ങളിലും തദ്ദേശസ്ഥാപനങ്ങളുടെ പണി ഏറ്റെടുക്കാറുള്ളത്. ചെയ്ത ജോലിക്ക് അല്പം വൈകിയാൽ പോലും പണം ലഭിക്കുമെന്നുണ്ടെങ്കിൽ വിട്ടുവീഴ്ചയ്ക്ക് പലരും തയ്യാറായെന്നു വരും. എന്നാൽ മാസങ്ങൾ കാത്തിരുന്നാലും പണം ലഭിക്കാതെ വന്നതോടെ പുതിയ പ്രവൃത്തികൾ ഏറ്റെടുക്കാൻ അവർ മുന്നോട്ടു വരാതെയായി. തദ്ദേശസ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസിലാക്കിയാണ് അവയുടെ അഞ്ചുലക്ഷം രൂപ വരെയുള്ള ബില്ലുകളെ ട്രഷറി നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കാൻ ധനമന്ത്രി ഉത്തരവിട്ടത്. ഈ ഉത്തരവും പക്ഷേ യഥാവിധി നടപ്പായില്ലെന്നാണ് കരാറുകാരിൽ നിന്നുയരുന്ന പരാതി. സർക്കാർ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അഞ്ചുലക്ഷത്തിന്റെ ബില്ലുകൾ പോലും ട്രഷറികളിൽ കുരുങ്ങിപ്പോവുകയാണ്. ട്രഷറികളിൽ പണമില്ലാത്തതുകൊണ്ട് ബാങ്ക് വഴി കരാറുകാർക്കു പണം നൽകാൻ സംവിധാനം ഒരുക്കാവുന്നതാണ്. മുൻപ് ഈ മാർഗം പരീക്ഷിച്ചിട്ടുള്ളതാണ്. ബില്ലുകൾ ബാങ്കുകൾ സ്വീകരിച്ച് തുകയുടെ 90 ശതമാനം തുക കരാറുകാർക്ക് നൽകുന്നതായിരുന്നു രീതി. ബിൽ തുക പൂർണമായി സർക്കാർ പിന്നീട് ബാങ്കിൽ അടച്ചുകൊള്ളും. ഇതിനാവശ്യമായ സോഫ്ട് വെയർ ഇതുവരെ തയ്യാറാകാത്തതു കൊണ്ടാണ് കരാറുകാർക്കു കാത്തിരിക്കേണ്ടി വരുന്നത്.
സംസ്ഥാന ബഡ്ജറ്റിൽ ഓരോ വർഷവും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതത്തിൽ കാര്യമായ വർദ്ധന വരുത്താറുണ്ട്. തനതു വരുമാനവും വർദ്ധിക്കാറുണ്ട്. ഫണ്ടിന്റെ തോതു വച്ചു നോക്കിയാൽ വലിയ തോതിൽ നാടും നഗരവും ഒരുപോലെ വികസിക്കേണ്ടതാണ്. നിർഭാഗ്യവശാൽ അത്തരത്തിലൊരു വികസനം അപൂർവമായേ കാണാൻ കഴിയുന്നുള്ളൂ. പദ്ധതി നിർവഹണത്തിൽ കാണുന്ന അക്ഷന്തവ്യമായ കെടുകാര്യസ്ഥത പദ്ധതി ലക്ഷ്യങ്ങളെത്തന്നെ തോല്പിച്ചുകളയുന്ന അനുഭവമാണുള്ളത്. മൂന്നോ ആറോ മാസം കൊണ്ടു തീർക്കാവുന്ന പ്രവൃത്തി പോലും അനന്തമായി നീണ്ടുപോകുന്നു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പല തട്ടിലുള്ള അഴിമതികൾ ഗുണനിലവാരത്തെ ഗണ്യമായി ബാധിക്കാറുണ്ട്. പുതുക്കിയ റോഡുകൾ ആദ്യ മഴയിൽത്തന്നെ തകരുന്നതിനും നിർമ്മാണ ജോലികൾക്കു ഒട്ടും നിലവാരമില്ലാതെ പോകുന്നതിനും കാരണം അഴിമതി തന്നെയാണ്.
പദ്ധതി നിർവഹണം പാതിവഴിയിൽ മാത്രം എത്തിനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ സാമ്പത്തിക വർഷവും അവസാനിക്കുന്നത് പൂർത്തീകരിക്കാത്ത പദ്ധതികളുടെ നീണ്ട പട്ടികയുമായിട്ടാകും. കൊറോണ സൃഷ്ടിക്കുന്ന വൻ സാമ്പത്തിക ദുരിതം കൂടിയാകുമ്പോൾ പുതിയ സാമ്പത്തിക വർഷവും ഏറെ ക്ളേശകരമാകാനാണു സാദ്ധ്യത. അപ്പോഴും ഉയരുന്ന ഒരു ചോദ്യം തദ്ദേശസ്ഥാപനങ്ങളുടെ ബഡ്ജറ്റ് വിഹിതത്തിലെ ചെലവഴിക്കാനാകാതെ ശേഷിക്കുന്ന പകുതി ഭാഗത്തിന്റെ വിനിയോഗം സംബന്ധിച്ചാണ്. പാളിപ്പോയ പദ്ധതി നടത്തിപ്പ് എന്നെങ്കിലും നേരെയാകുമോ? നാടിന്റെ വികസനത്തിന് ഉതകേണ്ട പണം യഥാവസരം എടുത്ത് ചെലവഴിക്കാതിരിക്കുന്നത് ജനങ്ങളോടു കാണിക്കുന്ന വലിയ അപരാധം തന്നെയാണ്.