nithyananda

ബംഗളൂരു:പീഡനക്കേസിൽ കുറ്റാരോപിതനായതോടെ മുങ്ങിയ വിവാദ ആൾ ദൈവം നിത്യാനന്ദ ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. പക്ഷേ, സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. കൊറോണ വൈറസ് ബാധിക്കാതിരിക്കാൻ പൊതുസ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കണം എന്ന ലോകരാജ്യങ്ങളുടെ നിർദ്ദേശത്തെ കളിയാക്കിക്കൊണ്ടാണ് നിത്യാനന്ദ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

‘ഞാൻ എല്ലായിടത്തുനിന്നും വിട്ടൊഴിഞ്ഞ് സ്വന്തമായി കൈലാസ എന്നൊരു രാജ്യം സ്ഥാപിച്ചപ്പോൾ ചില ഇന്ത്യക്കാർ എന്നെ നോക്കി ചിരിച്ചു, പരിഹസിച്ചു. ഇപ്പോൾ ലോകമാകെ സമൂഹികമായ ഇടപെടലിൽനിന്ന് എങ്ങനെ വിട്ടുനിൽക്കാമെന്നു ചിന്തിക്കുകയാണ്. അന്ന് എന്നെ കളിയാക്കിയവർ കൊറോണയിൽ നിന്ന് രക്ഷപ്പെടാൻ സ്വയം തടവിലായിരിക്കുന്നു. പരമശിവന്‍ നമ്മളെ രക്ഷിക്കും’ –നിത്യാനന്ദ പറഞ്ഞു.

പീഡനക്കേസിൽ കുറ്റാരോപിതനായ നിത്യാനന്ദ ഇക്വഡോറിനുസമീപത്തുള്ള ദ്വീപ് വാങ്ങി സ്വന്തം രാജ്യം സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്പോർട്ടും മന്ത്രിസഭയും ഉണ്ടാക്കിയെന്നുമാണ് റിപ്പോർട്ടുകൾ. ഇവിടത്തെ പ്രധാനമന്ത്രിയാണ് നിത്യാനന്ദ. നിരന്തരം സമൂഹമാധ്യമങ്ങളിൽ എത്താറുള്ള നിത്യാനന്ദ എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇത് കളവാണെന്നും നിത്യാനന്ദയുടെ പിടിപാടാണ് അറസ്റ്റ് വൈകിപ്പിച്ചതെന്നുമാണ് ചിലർ പറയുന്നത്. പീഡനാരോപണത്തെത്തുടർന്ന് നിത്യാനന്ദയ്ക്കെതിരെ ആരോപണവുമായി​ മുൻ ശി​ഷ്യരുൾപ്പെടെ രംഗത്തെത്തി​യി​രുന്നു. ഇൗ ആരോപണങ്ങളെക്കുറി​ച്ചുള്ള അന്വേഷണവും എങ്ങുമെത്തി​യി​ല്ല.