കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മുതലപ്പൊഴി തീരദേശ റോഡിൽ സംരക്ഷണവേലിയില്ലാത്ത ട്രാൻസ്ഫോർമറുകൾ ജനജീവിതത്തിന് ഭീഷണിയാകുന്നു. റോഡിന്റെ സമീപത്തായി സ്ഥാപിച്ച മൂന്ന് ട്രാൻസ്ഫോർമറുകളും യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല. റോഡിന്റെ ഇരുവശങ്ങളിൽ മത്സ്യതൊഴിലാളികൾ തിങ്ങിപാർക്കുന്നുണ്ട്. ജനസാന്ദ്രത കൂടിയ മേഖലയായതിനാൽ കുട്ടികൾ പലപ്പോഴും റോഡരികിൽ കളിക്കുക പതിവാണ്. കൊച്ചു കുട്ടികൾക്ക് പോലും കൈയെത്തുന്ന ഉയരത്തിലാണ് ഫ്യൂസ് പോയിന്റുകൾ പലതും. ട്രാൻസ്ഫോർമറുകളിൽ നിന്നും വരുന്ന ചില വയറുകൾ ശരിയായ നിലയിൽ ഇൻസുലേറ്റ് ചെയ്യാത്തത് അപകടഭീഷണി ഉയർത്തുന്നു. അടിയന്തരമായി ട്രാൻസ്ഫോർമറുകൾക്ക് സംരക്ഷണവേലി നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.