-hema-malini

ബോളിവുഡിലെ നിത്യഹരിത നായികയും നായകനുമായിരുന്നു ധർമേന്ദ്രയും ഹേമാ മാലിനിയും. 1970 കളിലാണ് ഹേമമാലിനിയും ധർമേന്ദ്രയും പ്രണയത്തിലാവുന്നത്. എന്നാൽ നേരത്തെ ധർമേന്ദ്ര പർകാശ് കൗർ എന്നൊരാളെ വിവാഹം കഴിച്ചിരുന്നു. 1954 ലായിരുന്നു ധർമേന്ദ്രയുടെ ആദ്യവിവാഹം. വർഷങ്ങൾക്കിപ്പുറം ഹേമയുമായി പ്രണയം തോന്നിയെങ്കിലും വിവാഹിതനായ പുരുഷനുമായി സ്‌നേഹത്തിലാവാൻ ഹേമ തയ്യാറായിരുന്നില്ല. അദ്ദേഹം പ്രൊപ്പോസൽ നടത്തിയെങ്കിലും നടി അത് നിരസിച്ചു.

1975 ൽ പുറത്തിറങ്ങിയ ഷോലേ അടക്കം ഒത്തിരി സിനിമകളിൽ ഇരുവരും നായിക നായകന്മാരായി അഭിനയിച്ചിട്ടുണ്ട്. ഹേമ മാലിനിയുമായി അടുത്ത് ഇടപെഴകാൻ കിട്ടുന്ന അവസരങ്ങളൊന്നും ധർമേന്ദ്ര ഒഴിവാക്കിയിരുന്നില്ല. ഇതിന് വേണ്ടി സെറ്റിലെ പയ്യന്റെ കൈയിൽ 2000 രൂപ വീതം കൊടുത്ത് ആലിംഗന രംഗം ശരിയായില്ലെന്ന് പറയാൻ ഏൽപ്പിച്ചിരുന്നു. ഹേമ മാലിനിയെ ഷൂട്ടിംഗിനെന്ന പേരിൽ വീണ്ടും വീണ്ടും കെട്ടിപ്പിടിക്കുകയായിരുന്നു ഉദേശ്യം. ഇതിന് വേണ്ടി സെറ്റിലെ പയ്യന്മാരുമായി ചില രഹസ്യ കോഡുകളും ധർമേന്ദ്ര ഉപയോഗിച്ചിരുന്നു. നിരന്തരം ധർമേന്ദ്രയുടെ ഈ പ്രവർത്തികൾ ശ്രദ്ധിച്ചതോടെയാണ് ഹേമ മാലിനി അദ്ദേഹത്തിൽ ആകൃഷ്ടയായത്. ഒടുവിൽ 1980 ലായിരുന്നു ആരാധകർ കാത്തിരുന്ന താരവിവാഹം നടന്നത്.

വർഷങ്ങളോളം ഇരുവരും സന്തോഷത്തോടെ ജീവിച്ചു. ഇഷ ഡിയോൾ, അഷാന ഡിയോൾ എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്കുള്ളത്. ഒരിക്കലും തന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ ആദ്യ ഭാര്യയെയും കുട്ടികളെയും ബാധിക്കാത്ത തരത്തിൽ കൊണ്ട് പോകാൻ ശ്രമിച്ചിരുന്നെന്ന് നേരത്തെ ഹേമാ മാലിനി പറഞ്ഞിരുന്നു. തങ്ങളുടെ ബന്ധം അവരെ വേദനിപ്പിക്കാത്ത തരത്തിലായിരുന്നുവെന്നും ഒരിക്കലും അദ്ദേഹത്തെ കുടുംബത്തിൽ നിന്നും അകറ്റിയിട്ടില്ലെന്നും ഹേമ വ്യക്തമാക്കിയിട്ടുണ്ട്.