crime

ബാലരാമപുരം: മുഖം മറച്ച് ബൈക്കിലെത്തിയവർ വസ്ത്രവ്യാപാരിയെ വെട്ടി പ്പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞു. വടകോട് മാങ്കുളം വിനോദ് ഭവനിൽ വിനോദി(38)നാണ് വെട്ടേറ്റത്.​ റസ്സൽപുരം ശാന്തിപുരം ജംഗ്ഷനിൽ ‌ഞായറാഴ്ച്ച രാത്രി 9.45 ഓടെയായിരുന്നു സംഭവം. ബാലരാമപുരം -കാട്ടക്കട റോഡിൽ സ്വയംവര സിൽക്ക്സ് ഉടമയാണ് വിനോദ്. കടയടച്ച് വീട്ടിലേക്ക് മടങ്ങവെ ശാന്തിപുരം ജംഗ്ഷന് സമീപത്തുവച്ചായിരുന്നു ആക്രമണം. തൂവാലകൊണ്ട് മുഖംമറച്ച് ബൈക്കിലെത്തിയവരിൽ പുറകിലിരുന്നയാൾ വെട്ടുകത്തികൊണ്ട് കൈക്കും മുതുകിലും വെട്ടുകയായിരുന്നു. നാട്ടുകാരാണ് നൂറ്റിയെട്ടിൽ വിനോദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. അക്രമികളെപ്പറ്റി വിനോദ് സൂചന നൽകിയിട്ടുണ്ട്. വ്യക്തിവൈരാഗ്യമാകാം അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.