തിരുവനന്തപുരം: കൊറോണ വൈറസ് ബാധ ചെറുക്കാൻ ചികിത്സാകാര്യങ്ങളിലും പ്രതിരോധ നടപടികളിലും ആരോഗ്യ വകുപ്പ് ഊന്നൽ നൽകണമെന്ന് വിദഗ്ദ്ധ ഡോക്ടർമാർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ ഏകോപനവും അനിവാര്യമാണ്. പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ മുൻമന്ത്രി ആര്യാടൻ മുഹമ്മദും പങ്കെടുത്തു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ്, ഡോ.ശ്രീജിത്, ഡോ.സുൾഫി, ഡോ. മുഹമ്മദ് നിയാസ് എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
ഡോക്ടർമാരുടെ നിർദേശങ്ങൾ
1.കൈകൾ ശുദ്ധമാക്കാൻ ജലവിതരണം ഉറപ്പുവരുത്തണം.
2. നിരീക്ഷണത്തിൽ പാർപ്പിക്കാൻ ഹോസ്റ്റലുകൾ, ഗസ്റ്റ്ഹൗസുകൾ, അടഞ്ഞുകിടക്കുന്ന ആശുപത്രികൾ എന്നിവ ഉപയോഗിക്കേണ്ടിവരും. ഇത് മാപ്പ് ചെയ്യാൻ റവന്യുവകുപ്പ് നേതൃത്വം കൊടുക്കണം.
3. സർക്കാർമേഖലയിൽ ഡോക്ടർമാർ 25 മുതൽ 30ശതമാനം വരെ മാത്രമാണ്. അതിനാൽ ഐ.എം.എയുടെ സഹായത്തോടെ സ്വകാര്യമേഖലയെ സജ്ജമാക്കണം.
4. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, സന്നദ്ധസംഘടനാ പ്രവർത്തകർ എന്നിവരെ പ്രതിരോധപ്രവർത്തനങ്ങൾക്ക് സജ്ജമാക്കണം.
5.എയർപോർട്ട് സ്ക്രീനിംഗിൽ പൊലീസിനെയും ഉൾപ്പെടുത്തി പഴുതടച്ച സംവിധാനമൊരുക്കണം.
6. നിരത്തുകളിലും പൊതുഇടങ്ങളിലും പരിശോധന ആരംഭിക്കണം.
7.അശാസ്ത്രീയമായ രോഗപ്രതിരോധ ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കരുത്. വ്യാജ സുരക്ഷാബോധം അതീവ അപകടകരമാണ്.