തിരുവനന്തപുരം: ബ്രേക്ക് ദി ചെയിൻ കാമ്പെയിനിന്റെ ഭാഗമായി ഇന്നലെ കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികൾക്ക് സാനിറ്റൈസർ നൽകി മന്ത്രി ഇ.പി.ജയരാജൻ. സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും നഗരസഭാ ആരോഗ്യകാര്യ സമിതിയുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. യുവജനക്ഷേമ ബോർഡിന്റെ യൂത്ത് ഫോഴ്‌സ് വിഭാഗം ക്ളാസ് മുറികളിലെ ബെഞ്ചുകളും ഡെസ്‌ക്കുകളും ഫിനോയിൽ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു, നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു .ഐ.പി, ബോർഡ് അംഗങ്ങളായ സുന്ദർ, അൻസാരി എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ എസ്.എം.വി സ്‌കൂൾ, പട്ടം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, നെടുമങ്ങാട്, നെയ്യാറ്റിൻകര ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലും ശുചീകരണപ്രവർത്തനങ്ങൾ നടത്തും.