പാലോട്:വേനൽ കടുത്തതോടെ ഗ്രാമീണ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി.തോടുകളും ആറും വറ്റി തുടങ്ങിയതോടെ കുടിവെള്ള സംഭരണികളിലും ജലം ലഭ്യമല്ലാത്ത നിലയാണ്.നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി മേഖലകളിലും കോളനികളിലും വെള്ളം കിട്ടാക്കനിയായി.നന്ദിയോട് പഞ്ചായത്തിലെ വാഴപ്പാറ,നാഗര,വട്ടപ്പൻകാട്,പാലുവള്ളി,വെമ്പ്,കുറുപുഴ,ആനകുളം,ആലംപാറ,താളിക്കുന്ന്,പേയ്ക്കാമൂല,പാറമുകൾ, ഓട്ടുപാലം പുലിയൂർ,പെരിങ്ങമ്മല പഞ്ചായത്തിലെ കൊച്ചുവിള,കുണ്ടാളംകുഴി,മാന്തുരുത്തി,പാറക്കോണം പ്രദേശങ്ങളിലാണ് കുടിവെള്ളം ക്ഷാമം രൂക്ഷം.വേനൽ കടുത്തതോടെ മിക്ക കൃഷിയിടങ്ങളും കരിഞ്ഞുണങ്ങി.കുടിവെള്ള പൈപ്പുകളിൽ നിന്നും വെള്ളം കിട്ടാതായിട്ട് ദിവസങ്ങളായി.റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ പൈപ്പ് ലൈനുകൾ വെട്ടിപൊളിച്ചിട്ടിരിക്കുകയാണ്.ഇത് ശരിയാകാൻ മാസങ്ങൾ വേണ്ടി വരുമെന്നാണ് അധികൃതർ അറിയിച്ചത്.ജലാശയങ്ങൾ മലിനമായതോടെ ജലജന്യരോഗങ്ങൾക്കും സാദ്ധ്യതയേറി.വാമനപുരം നദിയിലെ കാഴ്ച്ച അറപ്പുളവാക്കുന്നതാണ്.പല പ്രദേശങ്ങളും മാലിന്യക്കൂമ്പാരമായി.കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ടാങ്കറുകളിലെങ്കിലും വെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.