തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമായി ഒരാളെ റെയിൽവേ പൊലീസ് പിടികൂടി . തൃശൂർ മുണ്ടൂർ ആഞ്ഞൂർ ആരമ്പിള്ളി കനിശേരിയിൽ ബിജുവാണ് (39) പിടിയിലായത്. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ജയന്തി ജനത എക്‌സ്‌പ്രസിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ട്രെയിനിലെ എസ് 6 കോച്ച് യാത്രക്കാരനാണ് പിടിയിലായ ബിജു. തലസ്ഥാനത്തെ വിവിധ ജൂവലറികളിൽ വില്പനയ്ക്ക് കൊണ്ടുവന്നതാണ് സ്വർണമെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. പെട്ടിയിലും ബാഗിലുമായി സൂക്ഷിച്ച 200 പവൻ സ്വർണമാണ് കണ്ടെത്തിയത്. എന്നാൽ ഇതിന്റെ രേഖകൾ ഹാജരാക്കാൻ ബിജുവിന് കഴിഞ്ഞില്ല. സ്വർണം ജി.എസ്.ടി വകുപ്പിന് കൈമാറിയതായി റെയിൽവേ പൊലീസ് അറിയിച്ചു. ജയന്തി ജനതയിൽ സ്വർണം കടത്തുന്നതായി റെയിൽവേ പൊലീസ് ഇൻസ്‌പെക്ടർ ആസാദ് അബ്ദുൾ കലാമിന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന. തിരുവനന്തപുരം റെയിൽവേ പൊലീസ് എസ്.എച്ച്.ഒ എൻ. സുരേഷ് കുമാർ, സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. നളിനാക്ഷൻ, എ.എസ്.ഐ രാധാകൃഷ്ണപിള്ള, സി.പി.ഒമാരായ സജിൽ, വിമൽ, അനിൽ, വിവേക് എന്നിവരടങ്ങിയ സംഘം പരിശോധനയ്ക്കും അറസ്റ്റിനും നേതൃത്വം നൽകി.