കിളിമാനൂർ: കൊറോണയിൽ കൂപ്പുകുത്തി കാർഷിക മേഖല. കുരങ്ങും, കാട്ടുപന്നിയും, വേനലും ഒക്കെയായി കർഷകർ കഷ്ടപ്പാടിന്റെ നെല്ലിപ്പലക കണ്ടു നിൽക്കുമ്പോഴാണ് കൊറോണ ഇടിത്തീ പോലെ പതിച്ചത്. അതോടെ കർഷകരുടെയും വ്യാപാരികളുടെയും ജീവിതം ദുസഹമായി. കാട്ടുപന്നിയിൽ നിന്നും കുരങ്ങിൽ നിന്നും രക്ഷിച്ച വിളകൾ ഇപ്പോൾ വിപണിയിൽ എത്തിയാൽ വാങ്ങാൻ ആളും ഇല്ല, വിലയും ഇല്ല. പ്രദേശത്തെ ചന്തകളും വ്യാപാര സ്ഥാപനങ്ങളും ആളൊഴിഞ്ഞ നിലയിലാണ്. കർഷകർ അതിരാവിലെ തന്നെ ചന്തയിൽ എത്തിക്കുന്ന സാധനങ്ങൾ മിക്കതും വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ്.

ചില്ലറ വില്പനക്കാരെ മാത്രമല്ല മൊത്തവില്പനക്കാരെയും ഇത് കാര്യമായി ബാധിച്ചു. കല്യാണവും, ഉത്സവവും മറ്റ് ആഘോഷങ്ങളും മാറ്റി വെച്ചതോടെ ദിവസേന അൻപതിനായിരം രൂപയുടെ കച്ചവടമുണ്ടായിരുന്ന പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം അയ്യായിരം രൂപയിലേക്ക് കൂപ്പുകുത്തി.

ചച്ചക്കറി വാങ്ങിയിരുന്ന ചെറുകിട കച്ചവടക്കാരും, ഹോട്ടലുകാരും പച്ചക്കറി വാങ്ങുന്നത് നിറുത്തിവച്ചതോടെ സാധനങ്ങൾ പകുതി വിലയ്ക്ക് വിൽക്കേണ്ട ഗതികേടിലുമാണ്.