corona
corona

തിരുവനന്തപുരം: കൊറോണ പടർന്നു പിടിക്കാതിരിക്കാൻ ലക്ഷ്യമിടുന്ന 'ബ്രേക്ക് ദ ചെയിൻ' കാമ്പെയിൻ കേരള സമൂഹം ഏറ്റെടുത്തു.

സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ സാദ്ധ്യതയും വേഗതയും ഗണ്യമായി കുറയ്ക്കുന്നതിനായി ആരോഗ്യ വകുപ്പാണ് സാമൂഹ്യ സുരക്ഷാമിഷന്റെ സഹകരണത്തോടെ കാമ്പെയിൻ നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന പ്രകാരം മന്ത്രിമാരും ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും അടക്കം കാമ്പെയിനിന് പിന്തുണയുമായി രംഗത്തുണ്ട്.

സിനിമ താരങ്ങളായ മമ്മൂട്ടി, മഞ്ജു വാര്യർ, ടോവിനോ തോമസ്, ജയറാം, സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബൻ, അനുശ്രീ, ഐശ്വര്യ ലക്ഷ്മി, രഞ്ജി പണിക്കർ, വിനീത് ശ്രീനിവാസൻ, സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവരെല്ലാം ഇതിന്റെ ഭാഗമായി ബോധവത്കരണം നടത്തുന്നുണ്ട്.

മാദ്ധ്യമ പ്രവർത്തകർ, കുടുംബശ്രീ, വിദ്യാർത്ഥി യുവജന സംഘടനകൾ, സർവീസ് സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയവരെല്ലാം പൂർണ പിന്തുണ നൽകുകയാണ്.

ഇതിന്റെ ഭാഗമായി എല്ലാ പ്രധാന ഓഫീസുകളുടെയും കവാടത്തോട് ചേർന്ന് കിയോസ്‌കുകൾ സ്ഥാപിച്ചുവരികയാണ്.

ഒരാളിൽ നിന്നു മറ്റുപലരിലേക്ക് എന്ന ക്രമത്തിൽ കണ്ണികളായാണ് കൊറോണ വൈറസ് വ്യാപിക്കുന്നത്. ഈ കണ്ണികളെ പൊട്ടിക്കുകയാണ് ലക്ഷ്യം. ഹസ്തദാനം പോലെ സ്പർശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകൾ ഒഴിവാക്കുക. നിശ്ചിത അകലം പാലിക്കുക,​ മുഖം, മൂക്ക്, കണ്ണുകൾ എന്നിവ സ്പർശിക്കുന്നത് ഒഴിവാക്കുക,​ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുക,​ ഇടയ്ക്കിടെ കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക,​ വീടുകളിലോ സ്ഥാപനങ്ങളിലോ എത്തിയാൽ ഉടൻ കൈകൾ കഴുകേണ്ടത് ശീലമാക്കുക,​ നിരീക്ഷണത്തിലുള്ളവർ ഒരു കാരണവശാലും പുറത്തിറങ്ങാതിരക്കുക തുടങ്ങിയവയാണ് കാമ്പെയിന്റെ പ്രധാന നിർദേശങ്ങൾ.