വിതുര: സ്വഭാവദൂഷ്യത്തിന്റെ പേരിൽ സ്വന്തം പാർട്ടിക്കാരിയായ പഞ്ചായത്തംഗം പരാതി നൽകിയതിനെ തുടർന്ന് സി.പി.എം വിതുര ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.എെ നേതാവുമായ ഷാഹുൽനാഥ് അലിഖാനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. വിതുര പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ ഷാഹുൽനാഥ് കൊപ്പം വാർഡ് പ്രതിനിധിയാണ്. തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതായി സി.പി.എമ്മിലെ തന്നെ പഞ്ചായത്തംഗം ലോക്കൽകമ്മിറ്റിക്കും ഏരിയാകമ്മിറ്റിക്കും പരാതി നൽകിയിരുന്നു. നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് ജില്ലാകമ്മിറ്റിക്ക് പരാതി നൽകി. തുടർന്നാണ് ഷാഹുലിനെ സസ്പെൻഡ് ചെയ്യാൻ വിതുര ലോക്കൽ കമ്മിറ്റി തീരുമാനിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തന്നെ കരിവാരി തേക്കാൻ ചിലർ ശ്രമിച്ചതിന്റെ ഫലമാണിതെന്നും നടപടി അംഗീകരിക്കുന്നുവെന്നും ഷാഹുൽ അറിയിച്ചു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സാഹചര്യത്തിൽ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കണമെന്ന് ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് പാ‌ർലമെന്ററി പാ‌ർട്ടിയോഗം ആവശ്യപ്പെട്ടു.