എന്നാൽ ഈ ഭീകരതയ്‌ക്കിടയിലും ഇറ്റലിയുടെ പരിസ്ഥിതിയിൽ ഗുണകരമായ ചില മാറ്റങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്. ഇറ്റലിയിലെ വായുമലിനീകരണം ഗണ്യമായി കുറഞ്ഞിരിക്കുന്നതായാണ് കണ്ടെത്തൽ. അന്തരീക്ഷത്തിലെ നൈട്രജൻ ഡൈഓക്സൈിന്റെ അളവ് വൻതോതിൽ താഴ്ന്നിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതു മുതൽ ഇറ്റലിയിലെ റോഡുകൾ എല്ലാം വിജനമാണ്. കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. അന്തരീക്ഷ മലിനികരണം കുറയാനിടയാക്കിയ സാഹചര്യം ഇതാണ്. മറ്റൊന്ന് വെനീസിലെ കനാലുകളുടേതാണ്.
ടൂറിസ്‌റ്റുകളുടെ വരവില്ലായതോടെ മലിനീകരണം വൻ തോതിൽ കുറഞ്ഞ വെനീസിലെ കനാലുകളിൽ ഇപ്പോൾ തെളിഞ്ഞ വെള്ളം കാണാം. നിരവധി മത്സ്യങ്ങളും ഒപ്പം അരയന്നങ്ങളും മടങ്ങിയെത്തി കനാലിൽ നീന്തി തുടിക്കുന്നുണ്ട്. ഡോൾഫിനുകളും കനാലുകളിലേക്ക് തിരിച്ചെത്തി. കനാലുകളുടെ സമീപം താറാവ് കൂട്ടങ്ങൾ മുട്ടവിരിയിക്കുന്നതിന്റെ തിരക്കിലാണ്. ശരിക്കും ഇറ്റലി അതിന്റെ മദ്ധ്യകാലഘട്ടത്തെ പ്രകൃതി ഭംഗി മടക്കിക്കൊണ്ടുവന്ന പോലൊരു കാഴ്‌ചയാണ് ഇപ്പോൾ കാണാനാകുക. വെനീസിലെ കനാലുകളിൽ ബോട്ട് സർവീസ് നിറുത്തി വച്ചിരിക്കുകയാണ്.