corona
CORONA

തിരുവനന്തപുരം: കൊറോണ വൈറസ് സൃഷ്ടിച്ച ആശങ്കയുടെ പശ്ചാത്തലത്തിൽ വിദേശയാത്രകൾ നിയന്ത്രിച്ചിരിക്കെ, രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് അടുത്ത മാസം സ്വകാര്യ വിദേശ സന്ദർശനത്തിന് സർക്കാർ അനുമതി നൽകി.

ജലനിധി എക്സിക്യൂട്ടിവ് ഡയറക്ടർ ജോഷി മൃൺമയി ശശാങ്കിന് ഏപ്രിൽ 9 മുതൽ 13 വരെ റഷ്യൻ യാത്രയ്ക്കും കെ.എസ്.ഐ.ഡി.സി എം.ഡിയും കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടറുമായ എം.ജി. രാജമാണിക്യത്തിന് ഏപ്രിൽ 4 മുതൽ 18 വരെ ലണ്ടൻ സന്ദർശനത്തിനുമാണ് അനുമതി. കൊറോണ പ്രതിരോധത്തിന് സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ വന്നശേഷം ഈ മാസം 10നാണ് പൊതുഭരണവകുപ്പിന്റെ ഉത്തരവിറങ്ങിയത്. സ്വകാര്യ സൈർശനമായതിനാൽ വിദേശ ആതിഥ്യം സ്വീകരിക്കില്ലെന്ന ഉപാധിയോടെയാണ് അനുമതി. തൊഴിൽ നൈപുണ്യ വകുപ്പ് അഡിഷണൽ ചീഫ്സെക്രട്ടറി സത്യജിത് രാജന് ഈ മാസം 14 മുതൽ 22 വരെ തായ്‌ലൻഡിൽ സ്വകാര്യ യാത്രയ്‌ക്ക് അനുമതി നൽകിയിരുന്നെങ്കിലും അദ്ദേഹം യാത്ര റദ്ദാക്കിയെന്നാണ് വിവരം. ഇതിന്റെ ഉത്തരവിറങ്ങിയതും ഈ മാസം 10നാണ്.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിലാണ് സത്യജിത് രാജൻ വിദേശയാത്ര ഒഴിവാക്കിയത്. മറ്റ് രണ്ട് പേരും യാത്ര ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ട്. ഉദ്യോഗസ്ഥരെല്ലാം അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഈ മാസം ആദ്യം ലണ്ടൻ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിന് വിധേയനാകാതെ സർക്കാരിന്റെ യോഗങ്ങളിലുൾപ്പെടെ പങ്കെടുക്കുന്നത് വിവാദമായിട്ടുണ്ട്.