വെള്ളനാട്: പൂവച്ചൽ - വെള്ളനാട് റോഡിൽ ഉറിയാക്കോട് ജംഗ്ഷന് സമീപത്തെ എസ് ആകൃതിയിലുള്ള വളവിൽ അപകടം പതിവാകുന്നു. ഇവിടെ പലതവണ റോഡ് നവീകരണം നടന്നെങ്കിലും കൊടും വളവ് നിവർത്തിയെടുക്കണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും നിരന്തര ആവശ്യം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. 'എസ് ' വളവുള്ള പ്രദേശത്ത് മാസങ്ങളായി ടാറിംഗ് തകർന്നു കിടക്കുന്നതും അപകടങ്ങൾക്ക് കാരണമാകുകയാണ്. പൂവച്ചലിൽ നിന്ന് വരുന്ന വാഹനങ്ങൾ ജംഗ്ഷനിൽ എത്തുമ്പോഴാണ് മുന്നിൽ ഗട്ടർ ഉണ്ടെന്ന് അറിയുന്നത്. തുടർന്ന് പെട്ടെന്ന് വേഗത കുറയ്ക്കാൻ ശ്രമിക്കുമ്പോൾ അപകടമുണ്ടാകും. മുളയറയിൽ നിന്നും ഉറിയാക്കോട് വഴി വെള്ളനാട്ടേക്ക് വരുന്നതിനായി തിരിയുന്ന വാഹനങ്ങളും ഇവിടെ അപകടത്തിൽപ്പെടുന്നുണ്ട്. കൊടുംവളവായ ഇവിടെ ആറു മാസത്തിനകം മുപ്പതിലധികം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന് സമീപത്തെ ആട്ടോ ഡ്രൈവർമാർ പറയുന്നു. ഉറിയാക്കോടിലെ 'എസ് ' വളവ് നിവർത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മുൻപ് മുളയറ – ഉറിയാക്കോട് റോഡിന്റെ നവീകരണത്തിനായി ഇറക്കിയ മെറ്റലുകൾ ജംഗ്ഷനിൽ അപകടത്തിന് ഇടയാക്കിയിരുന്നു. റോഡ് നവീകരിക്കുന്നതിന് ആവശ്യമായ നടപടികൾ പി.ഡബ്ലിയു.ഡി അധികൃതർ സ്വീകരിക്കണമെന്ന് നിരവധി തവണ പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. മുൻപ് റോഡിന്റെ പുനരുദ്ധാരണം നടന്നപ്പോൾ നാട്ടുകാരുടെ സമ്മർദ്ദ ഫലമായി മാസങ്ങളോളം കരാറുകാരൻ വളവിൽ പണിചെയ്യാതെ ഇട്ടിരുന്നു. എന്നിട്ടും ഈ പ്രദേശത്തെ പുറമ്പോക്ക് തിട്ടപ്പെടുത്താനോ ഭൂമി ഏറ്റെടുത്ത് റോഡിലെ വളവ് മാറ്റുന്നതിനോ അധികൃതർ നടപടിയെടുത്തില്ല. അന്ന് നാട്ടുകാർ ഈ പ്രദേശത്തെ ഭൂമി ഏറ്റെടുത്തെങ്കിലും പണിചെയ്യാത്തതിനാൽ സ്വകാര്യ വ്യക്തി വീണ്ടും ഇവിടെ വേലികെട്ടി. ഇതോടെ വളവ് നിവർത്തലും പ്രഖ്യാപനത്തിൽ മാത്രമായി. അടിയന്തരമായി വളവ് നിവർത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.