sree-chitra

തിരുവനന്തപുരം: കൊറോണ പടർന്നുപിടിച്ച സ്‌പെയിനിൽ നിന്നു മടങ്ങിയെത്തിയ ശേഷം നിരീക്ഷണത്തിൽ കഴിയാതെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന ഡെപ്യൂട്ടി ഡയറക്ടറെ ഇന്നലെ ജില്ലാ ഭരണകൂടം നിരീക്ഷണത്തിലേക്ക് അയച്ചു. ഉല്ലാസയാത്രയ്ക്കുശേഷം സ്‌പെയിനിൽ നിന്നെത്തിയ ഇദ്ദേഹം നിരീക്ഷണത്തിൽ കഴിയാതെ ജോലിക്കെത്തിയതായി നേരത്തെ പരാതി ഉയർന്നിരുന്നു.

കഴിഞ്ഞ ആ‌ഴ്‌ച കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ആശുപത്രിയിലെത്തിയപ്പോൾ ഇൗ ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ളവരാണ് സ്വീകരിച്ചത്. അതേസമയം സ്‌പെയിനിൽ നിന്നെത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴി‌ഞ്ഞെന്നും നിരീക്ഷണകാലാവധി പൂർത്തിയാക്കിയശേഷമാണ് ജോലിക്കെത്തിയതെന്നുമാണ് ശ്രീചിത്ര അധികൃതരുടെ വിശദീകരണം. എന്നാൽ ഇദ്ദേഹത്തെ 28 ദിവസം നിർബന്ധിത നിരീക്ഷണത്തിലാക്കണമെന്ന് വ്യക്തമാക്കിയുള്ള ജില്ലാഭരണകൂടത്തിന്റെ അറിയിപ്പ് തിങ്കളാഴ്ച ലഭിച്ചു. ഇതോടെയാണ് ഇന്നലെ വീണ്ടും നിരീക്ഷണത്തിലാക്കിയത്.

കൊറോണ സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഐസൊലേഷൻ വാർഡിലുള്ള ശ്രീചിത്രയിലെ ഡോക്ടർ ഈമാസം രണ്ടിന് സ്‌പെയിനിൽ നിന്ന് മടങ്ങിയെത്തിയ ശേഷം അവധിയിൽ പോയെങ്കിലും ഇൗ ഡെപ്യൂട്ടി ഡയറക്ടർ ഇടപെട്ട് തിരികെ വിളിപ്പിച്ചതായി ആക്ഷേപം ഉയർന്നിരുന്നു. ഡെപ്യൂട്ടി ഡയറക്‌ടർ നിരീക്ഷണത്തിൽ പോകാതിരുന്നതും നിരീക്ഷണത്തിലായിരുന്ന ഡോക്ടറെ തിരികെ വിളിച്ചതും ആശുപത്രിയിലും വിവാദമായിരുന്നു.

കേന്ദ്രം റിപ്പോർട്ട് തേടി

ശ്രീചിത്രയിലെ സംഭവങ്ങളെക്കുറിച്ച് കേന്ദ്രസർക്കാർ ഇന്നലെ റിപ്പോർട്ട് തേടി. ശാസ്ത്ര സാങ്കേതിക വകുപ്പാണ് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്. ശ്രീചിത്രയിലെ ഡോക്ടർമാരും ജീവനക്കാരും ഉൾപ്പെടെ 76 പേർ നിരീക്ഷണത്തിലാണെന്നാണ് ഔദ്യോഗിക വിവരമെങ്കിലും 100ൽ അധികം പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതായാണറിയുന്നത്. ആശുപത്രിയുടെ പ്രവർത്തനത്തെയും ഇത് ‌സാരമായി ബാധിച്ചു. ശ്രീചിത്രയെ പ്രവർത്തന സജ്ജമാക്കേണ്ടവരാണ് നിരീക്ഷണത്തിൽ പോയതിൽ ഭൂരിഭാഗവും. കാർഡിയാക് വിഭാഗം പൂർണമായും സ്തംഭനാവസ്ഥയിലാണ്. ന്യൂറോ വിഭാഗം ഭാഗികമായി പ്രവർത്തിക്കുന്നുണ്ട്. ഒ.പികൾ അനുവദിക്കുന്നില്ല. തുടർചികിത്സ അത്യാവശ്യമായ രോഗികൾക്ക് ഡോക്ടർമാരെ കാണാൻ അനുവദിക്കുന്നുണ്ട്.

രോഗിയെ മാറ്റി

ശ്രീചിത്രയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു രോഗിയെ ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് മാറ്റിയത്.

നിരീക്ഷണ വലയം വലുത്

ശ്രീചിത്രയിലെ ഡോക്ടർമാരുടെ ജീവിതപങ്കാളികൾ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവർത്തിക്കുന്നവരാണ്. മെഡിക്കൽ കോളേജ് കാമ്പസിൽ തന്നെയുള്ള ആശുപത്രികളിൽ ജോലിനോക്കുന്നവരുമുണ്ട്. ശ്രീചിത്രയിലുള്ളവർ നിരീക്ഷണത്തിലായതോടെ ഇവരെയും അവരവരുടെ ആശുപത്രികളിൽ നിന്ന് വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറ്റി. വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ സാമ്പിളുകളുടെ ഫലം പുറത്തുവരുന്നതോടെ മാത്രമേ ആശങ്ക ഒഴിയുകയുള്ളൂ.