balikkadav

വിതുര: വിതുര പഞ്ചായത്തിൽ ഏറ്റവും കൂടുതൽ പേർ പിതൃതർപ്പണം നടത്താനെത്തുന്ന താവയ്ക്കലിൽ ബലിമണ്ഡപം സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അറിയിച്ചു. വാമനപുരം നദിയിലെ ഈ ബലിക്കടവ് നി‌‌ർമ്മാണത്തിന്റെ ആദ്യഘട്ടമായി പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചതായും അടുത്ത ഘട്ടത്തിൽ കൂടുതൽ തുക അനുവദിക്കുമെന്നും സ്ഥലം സന്ദർശിച്ച ശേഷം വി.കെ. മധു അറിയിച്ചു. സമീപത്ത് ക്ഷേത്രവും കൂടിയുള്ള ഇവിടെ വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ നിന്നായി സ്ത്രീകളടക്കം ആയിരക്കണക്കിന് ആളുകളാണ് ബലിയിടാനെത്തുന്നത്. താവയ്ക്കലിൽ ബലിക്കടവ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേരളകൗമുദി നിരവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച് ബലിക്കടവ് നിർമ്മിക്കുമെന്ന് അറിയിച്ചത്. ബലിക്കടവിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. താവയ്ക്കലിൽ ബലിക്കടവ് നിർമ്മിക്കാൻ ഫണ്ട് അനുവദിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് സി.പി.എം വിതുര ലോക്കൽ കമ്മിറ്റി നന്ദി അറിയിച്ചു.