മുടപുരം: അഴൂർ ഗ്രാമ പഞ്ചായത്തിലെ പെരുങ്ങുഴിയിൽ പുതിയ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തി. നിലവിൽ അഴൂർ പഞ്ചായത്ത് ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ്.

ചിറയിൻകീഴ്, അഴൂർ, കിഴുവിലം എന്നീ മൂന്ന് പഞ്ചായത്തുകൾ. ചിറയിൻകീഴ് സ്റ്റേഷൻ പരിധിയിലായതിനാൽ ചിറയിൻകീഴ് പൊലീസ് ജോലിഭാരത്താൽ ബുദ്ധിമുട്ടുകയാണ്. അത് കൊണ്ട് തന്നെ അഴൂർ പഞ്ചായത്ത് നിവാസികളുടെ പരാതികൾ ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഹരിക്കപ്പെടാൻ കാലതാമസം എടുക്കുന്നു.

അഴൂർ പഞ്ചായത്തിൽ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യത്തിന് 70 വർഷത്തിലേറെ പഴക്കമുണ്ട്.1949 ൽ പെരുങ്ങുഴി മാർക്കറ്റിന് സമീപം പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കാൻ സർക്കാർ ഉത്തരവിറങ്ങിയിരുന്നുവെങ്കിലും നടപ്പായില്ല.

തുടർന്ന് നിരവധി തവണ പഞ്ചായത്ത് കമ്മിറ്റിയും ജനപ്രതിനിധികളും ഇതേ ആവശ്യം ഉന്നയിച്ച് സർക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. വ‌ർഷങ്ങളായി ആവശ്യപ്പെട്ടിട്ടും അഴൂർ പഞ്ചായത്തിന്റെ ആവശ്യം പരിഗണിക്കാത്തത് വിവേചനമാണെന്നു നാട്ടുകാർ പരാതിപ്പെടുന്നു.