നെടുമങ്ങാട്:കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃക തീർത്ത് കരകുളം ഗ്രാമപഞ്ചായത്ത്.ആദ്യഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് അനിലയുടെ അദ്ധ്യക്ഷതയിൽ ദിവസവും രാവിലെ 9 ന് ഹെൽത്ത് സെന്ററിൽ അവലോകന യോഗവും ഭവനസന്ദർശവും നടത്തും.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ,വട്ടപ്പാറ എസ്.ഐ,വില്ലേജ് ഓഫീസർ,മെഡിക്കൽ ഓഫീസർ,ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.50 വീടുകൾക്ക് 2 വോളണ്ടിയർ എന്ന ക്രമത്തിൽ ബോധവത്കരണ നോട്ടീസ് പ്രചാരണത്തിനും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് അടിയന്തര സാഹചര്യത്തിൽ സഹായമെത്തിക്കാനും പ്രത്യേകം ടീമുകളെ നിശ്ചയിച്ചു.കുടുംബശ്രീ പ്രവർത്തകരെ ഉൾപ്പെടുത്തി മാസ്‌ക് ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യാനും തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.യോഗത്തിൽ ജനപ്രതിനിധികൾ,പൊലീസ്,റവന്യു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.