വിതുര:മെഡിക്കൽ ഷോപ്പിൽ മരുന്നുവാങ്ങാനെത്തിയ പശ്ചിമബംഗാൾ സ്വദേശി പട്ടാപ്പകൽ ഒരു ലക്ഷത്തി നാല്പതിനായിരം രൂപയുമായി കടന്നു. തൊളിക്കോട് ജംഗ്ഷനിലെ ഷിഫാ മെഡിക്കൽസ് എന്ന സ്ഥാപനത്തിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പൊലീസ് പറയുന്നത്: ഇയാൾ മെഡിക്കൽ സ്റ്റോറിൽ എത്തുമ്പോൾ ഉടമയായ ഷിഹാബ്ദ്ദീൻ ബാങ്കിൽ നിക്ഷേപിക്കുന്നതിനായി പണം എണ്ണി തിട്ടപ്പെടുത്തി വയ്ക്കുകയായിരുന്നു. ഇതിനിടയിൽ ബംഗാളി യുവാവിന് മരുന്ന് എടുത്തു നൽകിയ ശേഷം ഷിഹാബ്ദ്ദീൻ അകത്തെ ടോയ്ലെറ്റിലേക്ക് പോയി. ഈ തക്കത്തിലാണ് ഉള്ളിൽ കടന്ന യുവാവ് മേശയ്ക്കുള്ളിൽ വച്ചിരുന്ന പണവുമായി കടന്നത്. തിരികെയെത്തി മേശ തുറന്നപ്പോഴാണ് പണം പോയ വിവരം അറിയുന്നത്. ഇയാൾ കഴിഞ്ഞ വെള്ളിയാഴ്ചയും മരുന്ന് വാങ്ങാൻ ഷോപ്പിൽ വന്നിരുന്നതായി ഷിഹാബ്ദ്ദീൻ പറയുന്നു.

അന്ന് മരുന്ന് ഇല്ലാത്തതിനാൽ വരുമ്പോൾ വിളിച്ച് അറിയിക്കാൻ ഫോൺ നമ്പരും കൊടുത്തശേഷമാണ് ഇയാൾ പോയത്.

പണം മോഷണം പോയ ശേഷം ഇൗ നമ്പരിലേക്ക് വിളിച്ചുനോക്കിയപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. വിതുര എെസറിൽ ജോലിയുണ്ടെന്നാണ് ഇയാൾ ഉടമയോട് പറഞ്ഞിരുന്നത്. വിതുര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി ടിവി കാമകളിലൊന്നും മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടില്ല. പൊലീസ് സൈബർസെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. പൊക്കം കുറഞ്ഞ യുവാവിന്റെ

മുഖത്തും കഴുത്തിലും ചുണ്ടിലും വലിയ പാടുണ്ടായിരുന്നെന്ന് ഷിഹാബ്ദ്ദീൻ പറയുന്നു.

വിതുര,തൊളിക്കോട് പഞ്ചായത്തുകളിലായി അഞ്ഞുറോളം അന്യസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവരുടെ ഇടയിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.