തിരുവനന്തപുരം: ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽപെട്ട് മരിച്ചു. ബംഗാൾ മാൾഡ സ്വദേശി മുബാരക്ക് നിയാസ് (29) ആണ് മരിച്ചത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ചൊവ്വാഴ്ച വൈകിട്ട് നാലരയ്ക്കാണ് സംഭവം. യാത്ര പുറപ്പെടുന്നതിനായി സിൽച്ചാർ എക്സ്പ്രസ്സ് പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കുമ്പോഴാണ് അപകടം .
സുഹൃത്തിനെ യാത്ര അയക്കുന്നതിനുവേണ്ടിയാണ് മുബാരക്ക് നിയാസ് റെയിൽവേ സ്റ്റേഷനിലെത്തിയത്. സിൽച്ചർ എക്സ്പ്രസിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ശക്തമായ തിരക്കാണുള്ളത്. സീറ്റ് ലഭിക്കുന്നതിനുവേണ്ടി തീവണ്ടി സ്റ്റേഷനിൽ എത്തിക്കുമ്പോഴേ ഇവർ ചാടിക്കയറുന്ന പതിവുണ്ട്. ഷണ്ടിങ് യാർഡിനോട് ചേർന്ന് ഒന്നാംപ്ലാറ്റ്‌ഫോം ആരംഭിക്കുന്നിടത്ത് നിന്ന് സാഹസികമായി ചാടിക്കയറും. സുഹൃത്തിന്റെ കൈവശം ബാഗുകൾ ഉണ്ടായിരുന്നതിനാൽ സീറ്റ് പിടിക്കേണ്ട ചുമതല മുബാരക്ക് നിയാസ് ഏറ്റെടുത്തു.
ചാടിക്കയറുന്നത് തടയാൻ കോച്ചുകളുടെ വാതിലുകൾ അടച്ചിടാറുണ്ട്. എന്നാൽപോലും ഫുട്‌ബോർഡിൽ അന്യസംസ്ഥാന തൊഴിലാളികൾ ചാടിക്കയറാറുണ്ട്. ഇത്തരത്തിൽ ചാടിക്കയറിയ മുബാരക്ക് നിയാസ് പിടിവിട്ട് താഴേയ്ക് വീണു. പ്ലാറ്റ്‌ഫോമിനും തീവണ്ടിക്കും ഇടയിലൂടെ പാളത്തിൽ വീണ ഇയാളുടെ ശരീരം ചക്രങ്ങൾ കയറി രണ്ടായി മുറിഞ്ഞു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്ലാറ്റ്‌ഫോമിലെ സുരക്ഷ വർധിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.