തിരുവനന്തപുരം: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമി സംസ്ഥാന സർവീസിൽ മടങ്ങിയെത്തി. കഴിഞ്ഞ മാർച്ചിൽ നാളികേര ബോർഡിലെ കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും സംസ്ഥാന സർവീസിൽ പ്രവേശിച്ചിരുന്നില്ല. ഇന്നലെ രാവിലെ പത്തിന് ചീഫ് സെക്രട്ടറിയുടെ ഓഫീസിലെത്തി സ്വാമി റിപ്പോർട്ട് ചെയ്തു.
സംസ്ഥാന സർവീസിൽ പ്രവേശിച്ചാൽ കേന്ദ്ര സർവീസിലേക്ക് തിരികെപ്പോകാൻ മൂന്ന് വർഷം കഴിയണമെന്ന കൂളിങ് ഓഫ് നിയമം നിലനിൽക്കുന്നതിനാലാണ് സംസ്ഥാന സർവീസിലേക്കെത്താൻ കഴിയാതിരുന്നതെന്നും , മദ്രാസ് ഹൈക്കോടതിയിൽ നിന്ന് അനുമതി വാങ്ങിയാണ് എത്തിയതെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയെ ധരിപ്പിച്ചു.മദ്രാസ് ഹൈക്കോടതിയിലെ കേസിൽ അനുകൂല ഉത്തരവുണ്ടായാൽ കൂളിംഗ് ഓഫ് പരിധി ബാധകമാവാതെ നാളികേര ബോർഡിലേക്ക് മടങ്ങാം.
നാളികേര വികസന ബോർഡിൽ സദാനന്ദ ഗൗഡയുടെ നേതൃത്വത്തിൽ നടന്ന അഴിമതി പുറത്തു കൊണ്ടുവന്നതിന്റെയും,,സി.ബി.ഐ എഫ്.ഐ ആർ രജിസ്റ്റർ ചെയ്തതിന്റെയു പ്രതികാരമായാണ് തന്നെ ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റിയതെന്നും ,ഇതിനെതിരെ താൻ ഫയൽ ചെയ്ത കേസ് സുപ്രീം കോടതിയിലും ട്രൈബ്യൂണലിലും അവസാന ഘട്ടത്തിലാണെന്നും രാജുനാരായണ സ്വാമി പറഞ്ഞു. ഐ.എ.എസ് ഉദ്യോഗസ്ഥരെ രണ്ടു വർഷത്തിനിടെ മാറ്റരുതെന്ന സുപ്രീംകോടതി വിധി നിലനിൽക്കുമ്പോഴാണ് തന്നെ മാറ്റിയത്. കേസിൽ അനുകൂല വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടയിൽ താൻ സംസ്ഥാന സർവീസിൽ പ്രവേശിച്ചാൽ വിധി അനുകൂലമായാൽപ്പോലും കേന്ദ്രസർവീസിൽ തിരികെ പോകാനാവില്ല. ഇക്കാര്യം മദ്രാസ് ഹൈക്കോടതിയെ ബോധിപ്പിച്ചതായും സ്വാമി വിശദീകരിച്ചു.
നിർബന്ധിത വിരമിപ്പിക്കൽ നീക്കം ചീറ്റി
1991 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ നാരായണസ്വാമി എഴുതിയ പരീക്ഷകളിലെല്ലാം ഒന്നാം റാങ്ക് നേടി റെക്കാർഡിട്ടയാളാണ്. അദ്ദേഹത്തിന് നിർബന്ധിത വിരമിക്കൽ നൽകാനുള്ള ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ നേരത്തേ മുഖ്യമന്ത്രി തള്ളിയിരുന്നു.
സ്വാമിയുടെ അക്കാഡമിക് മികവ് അംഗീകരിക്കേണ്ടതാണെങ്കിലും ഭരണതലത്തിലെ പ്രകടനം മോശമാണെന്നാണ് അഞ്ച് ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമിതി വിലയിരുത്തിയത്. അഖിലേന്ത്യാ സർവീസ് ജീവനക്കാരുടെ പ്രകടനം വിലയിരുത്തി സർവീസിൽ നിലനിറുത്തണോ നിർബന്ധിത വിരമിക്കൽ നൽകണമോയെന്ന് കേന്ദ്രത്തിനാണ് തീരുമാനിക്കാനാവുക. ശുപാർശയിൽ മുഖ്യമന്ത്രി ഒപ്പു വച്ചാലേ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് അയയ്ക്കാനാവൂ. മുഖ്യമന്ത്രി ഒപ്പുവയ്ക്കാൻ വിസമ്മതിച്ചതോടെ , നിർബന്ധിത വിരമിപ്പിക്കൽ നീക്കം ചീറ്റിപ്പോയി.