ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതാവികസനത്തിന്റെ സ്ഥലമേറ്റെടുക്കാതെയുള്ള നിർമ്മാണപ്രവർത്തനത്തിനെതിരെ വ്യാപാരികൾ പ്രതിഷേധത്തിൽ. സ്ഥലമേറ്റെടുക്കുകയോ കാറ്റഗറികളായി തിരിക്കുകയോ ചെയ്യാതെ ബാലരാമപുരം കൊടിനട മുതൽ ജംഗ്ഷൻ വരെയുള്ള നിർമ്മാണങ്ങൾക്കെതിരെയാണ് വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ദേശീയപാത അതോറിട്ടിയോടും ഉദ്യോഗസ്ഥരോടും ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും നടപടിസ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളെ മറച്ച് ശ്രീമൂകാംബിക ഷോപ്പിംഗ് കോംപ്ലക്സിനു മുന്നിൽ കരിങ്കൽഭിത്തി നിർമ്മിച്ചത് കച്ചവടത്തെ സാരമായി ബാധിച്ചെന്നാണ് വ്യാപാരികൾ പറയുന്നത്. മഴയത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടിന് ബദൽ സംവിധാനം കാണാതെയാണ് ഓടനികത്തി കരിങ്കൽഭിത്തി നിർമ്മിച്ചിരിക്കുന്നത്. നൂറ്റിയപൻതോളം ജീവനക്കാർ കോംപ്ലക്സിൽ വിവിധ കച്ചവടസ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. കച്ചവടം കുറഞ്ഞതോടെ ജീവനക്കാരും തൊഴിൽ പ്രതിസന്ധിയിലാണ്. സ്ഥലമേറ്റെടുക്കാത്ത വസ്തുവിൽ ഓട നികത്തി അരമീറ്ററോളം കൈയേറി കരിങ്കൽ ഭിത്തി നിർമ്മിച്ചതിൽ അപാകതയുണ്ടെന്ന് കടയുടമ ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥലം സന്ദർശിച്ച ദേശീയപാത എക്സിക്യൂട്ടീവ് എൻജിനിയർക്ക് ഇത് ബോദ്ധ്യപ്പെട്ടിരുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തിയെങ്കിലും കടകൾ മറച്ച് നിർമ്മിച്ച കരിങ്കൽക്കെട്ട് പൊളിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി പള്ളിച്ചൽ മുതൽ ബാലരാമപുരം വരെ മെറ്റലിംഗ്, ടാറിംഗ് തുടങ്ങിയ നിർമ്മാണപ്രവർത്തനങ്ങൾ ഇനിയും വൈകുമെന്നിരിക്കെ ധൃതിപിടിച്ച് കൊടിനടയിൽ കരിങ്കൽ ഭിത്തി നിർമ്മിച്ചത് കച്ചവടക്കാരോടുള്ള വെല്ലുവിളിയാണെന്ന് ഏകോപനസമിതി ഭാരവാഹികൾ പറഞ്ഞു.