തിരുവനന്തപുരം: ഇത്തവണ എസ്.എസ്.എൽ.സിയുടെ ആദ്യ മൂന്ന് പരീക്ഷകളുടെ ആവർത്തനം പോലെ കുട്ടികളെ തെല്ലും വലയ്ക്കാതെ ഇംഗ്ലീഷും. ആദ്യ പരീക്ഷകളെല്ലാം എളുപ്പമായിരുന്നതിനാൽ ഇംഗ്ലീഷ് പ്രയാസമാകുമോ എന്ന ഭയാശങ്കകളെയെല്ലാം മാറ്റുന്നതായിരുന്നു ചോദ്യപേപ്പർ.
എല്ലാം ചോദ്യങ്ങൾക്കും ചോയ്സ് ഉണ്ടായിരുന്നതിനാൽ ആകെ 80 സ്‌കോറിനുള്ള ചോദ്യപേപ്പറിൽ മുഴുവൻ സ്‌കോറും നേടാൻ പ്രയാസമുണ്ടാകില്ല. ആകെ 36 ചോദ്യങ്ങളാണ് ഉള്ളത്. ഇതിൽ സ്‌കോളർഷിപ്പ് ജാക്കറ്റ് എന്ന പാഠഭാഗത്തു നിന്നുള്ള കോംപ്രിഹെൻഷൻ ചോദ്യങ്ങളാണ് ആദ്യത്തേത്. പാഠഭാഗം നന്നായി പഠിച്ചവർക്ക് വളരെയെളുപ്പത്തിൽ ഇതിന് ഉത്തരമെഴുതാനാകും. ശരിയായ വാക്ക് എടുത്തെഴുതുക, ന്യൂസ് പേപ്പർ ഹെഡ്‌ലൈൻ ഏത് വിഭാഗവുമായി ബന്ധപ്പെട്ടതാണെന്ന് എഴുതുക തുടങ്ങിയ ഒരു മാർക്കിന്റെ ചോദ്യങ്ങളും അധികം ആലോചന കൂടാതെ എഴുതാൻ കഴിയുന്നവയായിരുന്നു.
ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവെലിന്റെ നോട്ടീസ് തയ്യാറാക്കൽ, ഒന്നാം പാഠഭാഗം ആധാരമാക്കി കീരിയും പാമ്പും തമ്മിലുള്ള സംഭാഷണം എഴുതൽ, വൈക്കം മുഹമ്മദ് ബഷീറിന്റെ 'സ്‌നേക്ക് ആൻഡ് ദ മിറർ' എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി ഡയറി എഴുതൽ എന്നീ അഞ്ച് മാർക്കിന്റെ ചോദ്യങ്ങളെല്ലാം നിരവധി തവണ ഗൃഹപാഠം ചെയ്തവയായിരുന്നു. പ്രൊഫൈൽ തയ്യാറാക്കൽ, കഥാപാത്ര നിരൂപണം, പ്രഭാഷണം തയ്യാറാക്കൽ, കത്ത് തയ്യാറാക്കൽ തുടങ്ങി ആറ് മാർക്കിന്റെ ചോദ്യങ്ങളും, എഡിറ്റിംഗിനുള്ള നാല് മാർക്കിന്റെ ചോദ്യങ്ങളും നേരത്തെ പരിശീലിച്ചിട്ടുള്ള മാതൃകയായതിനാൽ വലച്ചില്ല. ഇതോടെ കൂടുതൽ മാർക്കിനുള്ള ചോദ്യങ്ങൾക്കെല്ലാം മികച്ച രീതിയിൽ ഉത്തരമെഴുതാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് കുട്ടികൾ.
ഗ്രാമർ ഭാഗങ്ങളും എളുപ്പമായിരുന്നു. റിപ്പോർട്ടഡ് സ്പീച്ചിലാക്കാനുള്ള ചോദ്യത്തിന് അധികം വലുപ്പമില്ലാത്ത വാചകം നൽകിയതും അനുഗ്രഹമായി.
എ പ്ലസ് പ്രതീക്ഷിക്കുന്നവർക്ക് അതുറപ്പാക്കാൻ സാധിക്കുന്നതിനോടൊപ്പം ബി പ്ലസ് നിലവാരത്തിലുള്ള കുട്ടിക്കു പോലും ഒന്നു ശ്രമിച്ചാൽ എ പ്ലസ് നേടാൻ പ്രയാസമുണ്ടാകില്ല.
-ഡാനി ചെറിയാൻ, ഇംഗ്ലീഷ് അദ്ധ്യാപകൻ, ഗവ. വിഎച്ച്.എസ്.എസ് വെഞ്ഞാറമൂട്, തിരുവനന്തപുരം