പോത്തൻകോട് : കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ നാലാംഘട്ട യോഗം സി. ദിവാകരൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ചേർന്നു. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ തോന്നയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ഉൾപ്പെട്ട സമിതികളും രൂപീകരിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ വിവരങ്ങൾ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. ശുചീകരണ, ബോധവത്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതുവരെയുള്ള രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. നിമ്മി കെ. പൗലോസ് അവതരിപ്പിച്ചു. പഞ്ചായത്ത് പരിധിയിൽ ഇതുവരെ 76 പേർ മാർച്ച് 10 മുതൽ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇതിൽ 66 പേർ യു.കെ, മലേഷ്യ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നെത്തിയവരാണ്. പഞ്ചായത്ത് ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ഷീനമധു, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ പതിമിനി, സബീന, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ആയുർവേദ ഹോമിയോ,സിദ്ധ ആശുപത്രികളിലെ ഡോക്ടർമാർ പഞ്ചായത്ത് ജീവനക്കാർ, മറ്റ് ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.