പാറശാല: സ്‌കൂട്ടറിൽ വരികയായിരുന്ന സ്ത്രീയെ ബൈക്കിലെത്തി തടഞ്ഞ് നിറുത്തി മാല പൊട്ടിച്ച് കടന്ന കേസിലെ പ്രതി പിടിയിൽ. കമുകിൻകോട് കിരൺ നിവാസിൽ പ്രവീൺ (23) ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 8 ന് ഉച്ചക്ക് 1.30 ന് കുളത്തൂർ സബ് രജിസ്ട്രാർ ഓഫീസിന് സമീപമായിരുന്നു സംഭവം.ഉച്ചക്കട സ്വദേശിനിയായ സ്ത്രീയുടെ രണ്ടര പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. സ്‌കൂട്ടറിൽ ഉച്ചക്കട ഭാഗത്തു നിന്ന് പ്ലാമൂട്ടുക്കട ഭാഗത്തേക്ക് വരികയായിരുന്ന സ്ത്രീയെ ബൈക്കിലെത്തിയ പ്രതി ആളൊഴിഞ്ഞ ഭാഗത്തു വച്ച് റോഡിൽ തടഞ്ഞ് നിറുത്തിയ ശേഷം മാല പൊട്ടിച്ച് കടക്കുകയായിരുന്നു.തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ പൊഴിയൂർ സർക്കിൾ ഇൻസ്‌പെക്ടർ കെ.വിനുകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ എം.ആർ.പ്രസാദ്, സി.പി.ഒമാരായ ബിജു,വിമൽകുമാർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.ഇയാളെ റിമാൻഡ് ചെയ്തു.