തിരുവനന്തപുരം : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ മാസ്ക് നിർമ്മാണം ആരംഭിക്കുന്നു. നഗരസഭയുടെ കീഴിലുള്ള മുട്ടട, വള്ളക്കടവ് തയ്യൽ യൂണിറ്റുകളിൽ ഇന്ന് മുതൽ നിർമ്മാണം തുടങ്ങും. ഇന്നലെ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം. ജയിൽ വകുപ്പുമായി ചേർന്ന് നഗരസഭ തയ്യാറാക്കുന്ന സാനിറ്റൈസറുകൾ ഇന്ന് വിതരണം ചെയ്തു തുടങ്ങും. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ബ്രേക്ക് ദ ചെയിൻ കാമ്പൈയിനുമായി ബന്ധപ്പെട്ട് ഹാൻഡ് വാഷ് കൗണ്ടറുകൾ സ്ഥാപിക്കും. ഹോം ക്വാറന്റയിനിലുള്ളവർക്ക് ഭക്ഷണ വിതരണം ആരംഭിച്ചതായി മേയർ കെ. ശ്രീകുമാർ അറിയിച്ചു. വിമാനത്താവളത്തിന് സമീപം സർക്കാരിന്റെ നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്ന വിദേശികൾക്കും അന്യസംസ്ഥാനക്കാർക്കും ഭക്ഷണമെത്തിക്കുന്നതിനും സൗകര്യമൊരുക്കി. ബോധവത്കരണ പരിപാടിയുടെ ഭാഗമായി നഗരത്തിലെ എല്ലാ കേന്ദ്രങ്ങളിലും മൈക്ക് അനൗൺസ്‌മെന്റും എൽ.ഇ.ഡി വാളും പ്രചരണം നടത്തുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നഗരസഭ തൊഴിലാളികൾ നടത്തിവന്നിരുന്ന അണുനശീകരണം മറ്റ് പൊതുസ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനു, സെക്രട്ടറി എൽ.എസ്. ദീപ, ഹെൽത്ത് ഓഫീസർ ഡോ. എ. ശശികുമാർ, ഹെൽത്ത് സൂപ്പർവൈസർമാരായ പ്രകാശ്, ഉണ്ണി, പ്രോജക്ട് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.