തിരുവനന്തപുരം: ഇന്ധനവില വർദ്ധനയ്ക്കെതിരെ ആൾക്കൂട്ടവും ആരവങ്ങളും ഒഴിവാക്കി എ.ഐ.വൈ.എഫിന്റെ വക ഫേസ്ബുക്ക് ലൈവ് പ്രതിഷേധം. കൊറോണ വ്യാപന പശ്ചാത്തലത്തിൽ പൊതുനിരത്തുകളിൽ ആൾക്കൂട്ടം ഒഴിവാക്കി ജാഗ്രത പുലർത്തുന്ന സാഹചര്യത്തിലാണ് വേറിട്ട പ്രതിഷേധ മാർഗം സ്വീകരിച്ചത്.
കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പേർ ഫേസ്ബുക്ക് പ്രൊഫൈലിൽ ലൈവിൽ വന്ന് ഇന്ധനങ്ങളുടെ എക്സൈസ് തീരുവ വർദ്ധിപ്പിച്ച കേന്ദ്രനടപടിയിൽ പ്രതിഷേധമറിയിച്ചു. ഇന്നലെ വൈകിട്ട് നാലിന് എം.എൻ സ്മാരകത്തിൽ സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ സഹായിക്കേണ്ട കേന്ദ്ര സർക്കാർ അധികഭാരം അടിച്ചേല്പിച്ച് പകൽക്കൊള്ള നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവംഗം കെ.ഇ. ഇസ്മയിൽ, സംസ്ഥാന അസി: സെക്രട്ടറി അഡ്വ: കെ.പ്രകാശ് ബാബു, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ, ജോയിന്റ് സെക്രട്ടറി അരുൺ.കെ.എസ്, എ.ഐ എസ്.എഫ് ദേശീയ സെക്രട്ടറി ശുഭേഷ് സുധാകർ, എ.ഐ.വൈ.എഫ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എ.എസ്. ആനന്ദ കുമാർ എന്നിവർ പങ്കെടുത്തു. ലൈവ് പ്രതിഷേധ പരിപാടി ഇന്ന് വൈകിട്ട് 4 വരെ തുടരും.