പനാജി : ഇന്ത്യൻ സൂപ്പർ ലീഗ് ക്ളബ് എഫ്.സി ഗോവയുടെ പുതിയ പരിശീലകനാകാൻ അപേക്ഷ അയച്ച് കാത്തിരിക്കുന്നവരുടെ പട്ടിക കേട്ട് ഞെട്ടരുത്. കാരണം അതിൽ ആദ്യപേരുകാരൻ തന്നെ നായകനായി ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്ത ഇതിഹാസ താരം കാർലോസ് ദുംഗയാണ് 2010 ലോകകപ്പിൽ ബ്രസീലിന്റെ കോച്ചുമായിരുന്നു ദുംഗ.
ലോകകപ്പിൽ ഹോളണ്ടിനെയും ദക്ഷിണ കൊറിയയെയും പരിശീലിപ്പിച്ചിട്ടുള്ള ചെൽസിയുടെ മുൻ കോച്ച് ഗസ് ഹിഡിങ്ക്, ഇംഗ്ളണ്ടിന്റെ മുൻ പരിശീലകൻ സ്വെൻ ഗൊരാൻ എറിക്സന്റെ സ്പാനിഷ് ടീമിന്റെ കോച്ചായിരുന്ന ഫെർനാൻഡോ ഹിയേറോ, മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ യാപ്പ് സ്റ്റാം എന്നിങ്ങനെ ഗോവയിലേക്ക് വരാൻ ആഗ്രഹിക്കുന്ന വമ്പൻമാർ ഏറെയാണ്.
കഴിഞ്ഞ സീസണിനിടെ മാനേജ്മെന്റുമായി ഉടക്കിയ പരിശീലകൻ സെർജിയോ ലൊബേറോയെ എഫ്.സി ഗോവ പുറത്താക്കിയിരുന്നു.
37 പേരാണ് ലൊബേറയ്ക്ക് പകരക്കാരനാകാൻ അപേക്ഷിച്ചിരിക്കുന്നത്.
തങ്ങളുടെ പ്രതീക്ഷയ്ക്കും അപ്പുറത്തേക്കുള്ളവർ അപേക്ഷ നൽകിയപ്പോൾ ആദ്യമൊന്ന് അന്തിച്ചെന്ന് എഫ്.സി ഗോവയുടെ മാനേജ്മെന്റ് പ്രതിനിധി തന്നെ പറയുന്നു. യഥാർത്ഥത്തിലുള്ളവർ തന്നെയാണോ അപേക്ഷ നൽകിയതെന്ന് അറിയാൻ അന്വേഷണവും നടത്തി. എന്നാൽ ഇന്ത്യൻ ക്ളബിന്റെ കോച്ചാകുകയെന്നത് ദുംഗ അടക്കമുള്ളവർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ക്ളബ് പറയുന്നു.
ഐ.എസ്. എല്ലിന്റെ ആദ്യ മൂന്ന് സീസണുകളിൽ എഫ്.സി ഗോവയെ പരിശീലിപ്പിച്ചിരുന്നത് ബ്രസീലിയൻ ഇതിഹാസം സീക്കോ ആയിരുന്നു.
വിദേശത്തുനിന്നുവരുന്ന വമ്പൻ പരിശീലകർക്ക് വൻ തുക ശമ്പളം നൽകേണ്ടിവരും എന്നതാണ് എഫ്.സി ഗോവയെ അലട്ടുന്ന കാര്യം.
2016 സീസണിൽ മാത്രം സീക്കോയ്ക്ക് പ്രതിഫലമായി നൽകിയത് 6.3 കോടിരൂപയാണ്.
രണ്ടാഴ്ചയ്ക്കകം ഗോവ പുതിയ പരിശീലകനെ തിരഞ്ഞെടുക്കും.