corona

തിരുവനന്തപുരം: കൊറോണ സാമ്പത്തിക മേഖലയിലുണ്ടാക്കിയ ആഘാതം പരിഗണിച്ച്, ബാങ്ക് വായ്പ എടുത്തവർക്ക് പരമാവധി സഹായവും ഇളവുകളും നൽകും. മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്.എൽ.ബി.സി) യോഗം ഇക്കാര്യം ഉറപ്പ് നൽകി.

വായ്പ തിരിച്ചടയ്‌ക്കാനുള്ള കാലാവധി നീട്ടുക, റിസർവ് ബാങ്കിന്റെ നിർദ്ദേശ പ്രകാരം വായ്പകൾ പുനഃക്രമീകരിക്കുക, പലിശയിൽ ഇളവുകൾ നൽകുക, പുതിയ വായ്പകൾക്ക് കൂടുതൽ ഇളവുകൾ അനുവദിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് യോഗത്തിൽ മുഖ്യമന്ത്രി വച്ചത്. ഇവയിൽ ബാങ്കേഴ്‌സമിതി അടിയന്തര യോഗം ചേർന്ന് തീരുമാനം എടുക്കുമെന്ന് സമിതി കൺവീനർ അജിത് കൃഷ്ണൻ യോഗത്തിൽ ഉറപ്പു നല്‌കി. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ ബാങ്കുകൾ സർക്കാരിന് പൂർണ്ണ പിന്തുണ നൽകും. എസ്.എൽ.ബി.സിയുടെ നിർദ്ദേശങ്ങൾ ഉടനെ റിസർവ് ബാങ്കിന് സമർപ്പിക്കുമെന്നും അജിത് കൃഷ്ണൻ അറിയിച്ചു.

അതേസമയം, ആർക്കൊക്കെ മൊറട്ടോറിയവും പുതിയ വായ്പയും നൽകണമെന്ന് പരസ്പരം ആലോചിച്ചും റിസർവ് ബാങ്കിന്റെ അനുമതിയോടെയും മാത്രമേ തീരുമാനിക്കാനാകൂ എന്നാണ് ബാങ്കുകളുടെ നിലപാട്. ദുരിത ബാധിതരോട് അനുഭാവം കാണിക്കുമ്പോൾ തന്നെ നിശ്ചിത സമയം കഴിഞ്ഞാൽ ഇളവ് നൽകേണ്ടെന്നും ബാങ്കുകൾ നിലപാടെടുത്തു. ആദ്യ പ്രളയ കാലത്ത് അനുവദിച്ച മൊറട്ടോറിയം രണ്ടുതവണ നീട്ടിയെങ്കിലും പിന്നീട് സർക്കാർ അഭ്യർത്ഥിച്ചിട്ട് പോലും ഡിസംബർ 31കഴിഞ്ഞ് നീട്ടാൻ ബാങ്കുകൾ തയ്യാറായില്ല. വായ്പ നൽകുന്ന പണം ബാങ്കിന്റേതല്ലെന്നും നിക്ഷേപകരുടെതാണെന്നും അവരുടെ താല്പര്യം കൂടി പരിഗണിക്കമെന്നുമാണ് ബാങ്കുകളുടെ നിലപാട്.

ടൂറിസം മേഖലയെ കൊറോണ കാര്യമായി ബാധിച്ചതായി മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ഹോട്ടലുകൾ, റെസ്റ്റോറെന്റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയെല്ലാം പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. ധാരാളം പേർക്ക് തൊഴിലെടുക്കാൻ പറ്റാത്ത സാഹചര്യമാണ്. യാത്രാനിയന്ത്രണവും സാമ്പത്തിക മേഖലയെ ബാധിച്ചു. പ്രളയ കാലത്ത് ബാങ്കുകൾ നൽകിയതിനേക്കാൾ വലിയ പിന്തുണയും സഹായവും ഇപ്പോൾ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മൊറട്ടോറിയം ആർക്കൊക്ക

സർക്കാർ ജീവനക്കാർക്കും സ്ഥിരശമ്പളക്കാർക്കും മൊറട്ടോറിയം നൽകാനിടയില്ല. ചെറുകിട വ്യാവസായികൾ, വ്യാപാരികൾ, കർഷകർ എന്നിവർക്ക് ലഭിക്കും.

കൊറോണ ഉണ്ടാക്കിയ സാമ്പത്തിക ദുരിതത്തിൽ നട്ടം തിരിയുന്ന ദിവസക്കൂലിക്കാരുടെ വായ്പകൾക്കും മൊറട്ടോറിയം അനുവദിക്കും.