garcia
garcia

21-ാം വയസിൽ സ്പാനിഷ് ഫുട്ബാൾ കോച്ചിന് മരണം

മാഡ്രിഡ് : തന്നെ തോൽപ്പിക്കാനെത്തിയ രക്താർബുദത്തിന് അങ്ങനെയങ്ങ് കീഴടങ്ങാൻ ഒരുക്കമല്ലായിരുന്നു ഫ്രാൻസിസ്കോ ഗാർഷ്യ. എന്നാൽ അതിനൊപ്പം കൊറോണകൂടിയെത്തിയപ്പോൾ 21-ാം വയസിൽ ആ സ്പാനിഷ് ഫുട്ബാൾ പ്രതിഭയ്ക്ക് ഇൗ ലോകത്തോട് വിട പറയേണ്ടിവന്നു.

സ്പാനിഷ് സെക്കൻഡ് ഡിവിഷൻ ലീഗ് ക്ളബ് അത്‌ലറ്റിക്കോ പോർട്ടാഡ അൽട്ടയുടെ പരിശീലകനായിരുന്നു 21 കാരനായ ഗാർഷ്യ. കുറച്ചുനാൾ മുമ്പാണ് അർബുദം കണ്ടെത്തിയതും ചികിത്സ തുടങ്ങിയതും. രോഗത്തിൽനിന്ന് ഇൗ ചെറുപ്പക്കാരൻ മുക്തി നേടുമെന്ന് ഡോക്ടർമാർക്ക് ഉറച്ച പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ സ്പെയിനിൽ പടർന്നുപിടിച്ച കൊറോണ ഗാർഷ്യയുടെ ഗെയിം അവസാനിപ്പിക്കാനുള്ള ലോംഗ് വിസിലുമായാണ് എത്തിയതെന്ന് അവർ അറിഞ്ഞില്ല. കഴിഞ്ഞദിവസമാണ് കൊറോണ ലക്ഷണങ്ങളുമായി ഗാർഷ്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നത്. പരിശോധനാഫലം പോസിറ്റീവാണെന്ന് റിപ്പോർട്ട് വന്നതിന് പിന്നാലെ മരിക്കുകയും ചെയ്തു.

സ്‌പെയ്‌നിലെ മലാഗ മേഖലയിൽ ചെറുപ്രായത്തിൽ കൊറോണയ്ക്ക് കീഴടങ്ങേണ്ടിവന്ന അഞ്ചാമത്തെ ആളാണ് ഗാർഷ്യ. 10000 ത്തോളം പേർക്കാണ് സ്പെയ്‌നിൽ രോഗം വന്നത്. 300 ലേറെപ്പേർ മരിച്ചു.