തിരുവനന്തപുരം: കൊറോണ വ്യാപനം തടയാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളെ സഹായിക്കാനും ഉപദേശം നൽകാനും വിദഗ്ദ്ധ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കൊറോണ പ്രതിരോധം സംബന്ധിച്ച് ഡോക്ടർമാരുമായും ശാസ്ത്രജ്ഞരുമായും ചർച്ച നടത്തിയ ശേഷം വാർത്താസമ്മേളനത്തിൽ
സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും വിവരങ്ങൾ കൈമാറുന്നതിനും അവരെ ബോധവത്കരിക്കുന്നതിനും ഇന്ററാക്ടീവ് വെബ് പോർട്ടൽ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജീവൻ രക്ഷ പരമപ്രധാനം
ജനങ്ങളുടെ ജീവൻ രക്ഷിക്കുകയാണ് സർക്കാരിന് പ്രധാനം. അതിന് എല്ലാ വകുപ്പുകളും ഒത്തൊരുമിച്ചു നീങ്ങുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട.
രോഗപ്രതിരോധ സന്ദേശം വീടുകളിൽ എത്തിക്കാൻ മെഡിക്കൽ വിദ്യാർത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തും. ആരോഗ്യ സർവകലാശാല നേതൃത്വം നൽകും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും ആയുഷ് വകുപ്പിന്റെയും സേവനം ഉപയോഗിക്കും.
ജനങ്ങൾക്ക് രോഗപ്രതിരോധം, ചികിത്സ എന്നിവയിൽ ഡോക്ടർമാരുടെ ഉപദേശം തേടാൻ ഡിജിറ്റൽ കൺസൾട്ടേഷൻ ആരംഭിക്കാം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇതിന് മുൻകൈ എടുക്കണം.
രോഗപ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം സമൂഹത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനുമുള്ള സർക്കാരിന്റെ ഇടപെടലുകൾക്ക് ഡോക്ടർമാരുടെ പിന്തുണ വേണം.
ലോകത്തെ കൊറോണ ഗവേഷണങ്ങൾ നിരീക്ഷിക്കാനും വിലയിരുത്താനും സംവിധാനമുണ്ടാക്കും.
അറുപതിനു മുകളിൽ പ്രായമുളളവരിലും ശ്വാസകോശ, ഹൃദയ രോഗങ്ങൾ ഉള്ളവരിലും രോഗബാധ മാരകമായിരിക്കും. അതിനാൽ പ്രായമേറിയവരെയും മറ്റ് രോഗങ്ങൾ ബാധിച്ചവരെയും പ്രത്യേകം സംരക്ഷിക്കും. പാലിയേറ്റീവ് സെന്ററുകളുടെയും പാലിയേറ്റീവ് വോളന്റിയർമാരുടെയും സേവനം ഇതിന് ഉപയോഗിക്കും.
ഡോക്ടർമാരും ആശുപത്രി ജീവനക്കാരും കൂടുതൽ മുൻകരുതൽ എടുക്കണം. ഇതിനുള്ള മാർഗനിർദ്ദേശം സർക്കാർ നൽകും.
രോഗബാധ സംശയിക്കുന്നവരെ നിരീക്ഷിക്കാനും സംവിധാനമുണ്ട്. രോഗം സ്ഥിരീകരിക്കുന്നവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കും.
നിരീക്ഷണത്തിലുള്ളവർ സർക്കാരിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം.