തിരുവനന്തപുരം: കൊ​റോ​ണ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഇന്നലെ 795 പേർ നിരീക്ഷണത്തിലാണെന്ന് ജില്ലാകളക്ടർ കെ. ഗോപാലകൃഷ്ണ‌ൻ പറഞ്ഞു. ഇവരിൽ 729 വീടുകളിലും 66 പേർ ആശുപത്രികളിലുമാണ്. ജില്ലയിൽ നാല് കേസുകളാണ് നിലവിലുള്ളത്. ശ്രീചിത്ര ആശുപത്രിയിൽ ഡോക്ടമാരും രോഗികളുമടക്കം 54 പേർ ഹൈ റിസ്‌ക് പട്ടികയിലും 70പേർ ലോ റിസ‌്‌ക് പട്ടികയിലുമുണ്ട്. ജില്ലയിലെ 30 സാമ്പിളുകളിൽ 17ഉം നെഗറ്റീവാണ്. 200 പേരുടെ ഫലം ഇന്ന് രാവിലെയോടെ ലഭിക്കുമെന്നാണ് കരുതുന്നത്. വർക്കലയിലെ രോഗിയുമായും ശ്രീചിത്രയിലെ ഡോക്ടറുമായും നേരിട്ട് ഇടപഴകിയവരുടെ വിവരങ്ങൾ ഒന്നും തന്നെ കിട്ടിയിട്ടില്ലെന്നും കളക്ടർ പറഞ്ഞു. സ്‌പെയിനിൽ നിന്നെത്തിയ ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടർ ഒന്നാംതീയതി ദോഹയിലെത്തിയ ശേഷം 7ന് രാവിലെയാണ് തിരുവനന്തപുരത്തെത്തിയത്. വിമാനത്തിൽ 181 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 25 പേർ ഹൈ റിസ്‌ക് പട്ടികയിലും 156 പേർ ലോ റിസ്‌ക് പട്ടികയിൽപ്പെട്ടവരുമാണ്. തമിഴ്നാട്ടിൽ നിന്നുള്ള ഒരു യാത്രക്കാരനടക്കം എല്ലാ ഹൈ റിസ്‌ക് യാത്രക്കാരുടെയും കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ 20,​ മെഡിക്കൽ കോളേജിൽ 26, പേരൂർക്കട ജില്ലാആശുപത്രിയിൽ നാല്, നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ഏഴ്, നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എട്ട്, കിംസ് ആശുപത്രിയിൽ ഒരാൾ എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥിരീകരിക്കപ്പെട്ട നാല് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇവരുമായി അടുത്തിടപഴകിയ ആൾക്കാരെ കണ്ടെത്തുകയും സാമ്പിളുകൾ പരിശോധനയ്‌ക്ക് എടുത്ത ശേഷം അവരെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

 വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കി

കേന്ദ്ര സർക്കാരിന്റെ യാത്ര നിർദ്ദേശം അനുസരിച്ച് വിമാനത്താവളത്തിൽ നിരീക്ഷണം കർശനമാക്കും. അസിസ്‌റ്റന്റ് കളക്ടർ അനുകുമാരിയുടെ നേതൃത്വത്തിൽ വനിതാ ബറ്റാലിയൻ കമാൻഡന്റ് എസ്.പി ഡി.ശില്പയായിരിക്കും വിമാനത്താവളത്തിലെ പരിശോധനകൾ ഏകോപിപ്പിക്കുക. വിമാനത്താവളത്തിലേക്ക് മെഡിക്കൽ ഓഫീസർമാർ,​ പാരാമെഡിക്കൽ ഓഫീസർമാരും നഴ്സുമാരുമടക്കം 15 ജീവനക്കാരെ കൂടി നിയോഗിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1583 ആഭ്യന്തര വിമാനത്താവളത്തിൽ 86 എന്നിങ്ങനെയായി ഇന്നലെ 1669 പേരെ പരിശോധിച്ചു.

 കെയർഹോമുകൾ സജ്ജമാക്കി

വിദേശത്ത് നിന്ന് ജില്ലയിലെത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനായി 5000 കെയർ ഹോമുകൾ സജ്ജമാക്കി. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ആവശ്യമായ മാർഗനിർദ്ദേശവും സംരക്ഷണവും നൽകുന്ന പ്രവർത്തനങ്ങൾ ഊർജ്ജിതമാണ്. ജില്ലയിലെ 14 എം.എൽ.എമാരും ജനപ്രതിനിധികളും പൂർണ പിന്തുണ നൽകുന്നുണ്ട്. വോളന്റിയർമാരുടെ മികച്ച സേവനവും ലഭിക്കുന്നുണ്ട്. കൊറോണ പ്രതിരോധത്തിനായി 18 ടീമുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ഇവരുടെ പ്രവർത്തനം സംബന്ധിച്ച പരാതി പരിഹാരത്തിന് പ്രത്യേക ടീമിനെയും നിയോഗിച്ചു. ജില്ലയിലെ റെയിൽവേ സ്‌റ്റേഷനുകളിൽ കൂടുതൽ പരിശോധന ഏർപ്പെടുത്തി.