corona-sports
corona sports

ദുബായ് : വരുന്ന ഒക്ടോബറിൽ ആസ്ട്രേലിയയിൽ പുരുഷ ട്വന്റി 20 ലോകകപ്പ് തടസം കൂടാതെ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ . ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ഏഴ് വേദികളിലായി ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. കൊറണയെത്തുടർന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ - ന്യൂസിലൻഡ് ഏകദിന പരമ്പരയും റദ്ദാക്കിയിരുന്നു. ഐ.പി.എല്ലും പാകിസ്ഥാൻ സൂപ്പർ ലീഗുമൊക്കെ മാറ്റിയിരിക്കുകയുമാണ്. ഇൗമാസം വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനൽ നടന്ന ആസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ എത്തിയ കാണികളിലൊരാൾക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.

ബയേണിന് പരിശീലനവുമില്ല

കൊറോണ ഭീതിയെത്തുടർന്ന് ജർമ്മനിയിൽ ഫുട്ബാൾ ഉൾപ്പെടെയുള്ള കായിക ഇനങ്ങളെല്ലാം നിറുത്തിവച്ചിരിക്കുകയാണ്. കളിമാത്രമല്ല പരിശീലനം പോലും വേണ്ടെന്ന് വച്ചിരിക്കുകയാണ് ജർമ്മനിയിലെ പ്രമുഖ ഫുട്ബാൾ ക്ളബുകളായ ബയേൺ മ്യൂണിക്കും ബൊറൂഷ്യ ഡോർട്ട് മുണ്ടും. കളിക്കാരോട് ഹോട്ടലുകളിൽ നിന്നും വീടുകളിൽനിന്നും പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. ഏപ്രിൽ രണ്ടുവരെ ജർമ്മൻ ബുണ്ടസ്‌ലിഗ ഫുട്ബാൾ മത്സരങ്ങൾ നിറുത്തിവച്ചിരിക്കുകയാണ്.

നീരജിനെ

തിരിച്ചുവിളിച്ചു

ഒളിമ്പിക്സ് ലക്ഷ്യമിട്ട് തുർക്കിയിൽ പരിശീലനത്തിലായിരുന്ന ഇന്ത്യൻ ജാവലിൻത്രോ താരം നീരജ് ചോപ്രയോട് പരിശീലനം മതിയാക്കി നാട്ടിലേക്ക് മടങ്ങാൻ അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ ആവശ്യപ്പെട്ടു. തുർക്കിയിലും ദക്ഷിണാഫ്രിക്കയിലുമായി പരിശീലനം നടത്തുന്ന മറ്റ് താരങ്ങളോടും നാട്ടിലെത്താൻ ആവശ്യപ്പെട്ടതായി എ.എഫ്.ഐ പ്രസിഡന്റ് ആദിൽ സുമരിവാല പറഞ്ഞു. തുർക്കിയിലുള്ള നീരജും ശിവപാൽ സിംഗും ഇന്നുരാവിലെ ഡൽഹിയിലെത്തുമെന്നാണ് അറിയുന്നത്. ദക്ഷിണാഫ്രിക്കയിലുള്ള താരങ്ങൾ ശനിയാഴ്ച എത്തും. ഡൽഹിയിലെത്തിയാൽ 14 ദിവസം ഇവർ നിരീക്ഷണത്തിലായിരിക്കും.

ഒളിമ്പിക് കമ്മിറ്റി ഉപ തലവനും

രോഗ ബാധ

ടോക്കിയോ ജപ്പാൻ ഒളിമ്പിക് കമ്മിറ്റി ഉപ തലവൻ കോസോ താഷിമയ്ക്കും കൊറോണ രോഗം സ്ഥിരീകരിച്ചു. ഒളിമ്പിക്സ് നടത്തിപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ബ്രിട്ടൻ, ഹോളണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിരുന്ന താഷിമ ഇൗ മാസമാദ്യമാണ് ടോക്കിയോയിൽ മടങ്ങിയെത്തിയിരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം കണ്ടെത്തിയത്. കഴിഞ്ഞദിവസം ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ ടോക്കിയോ കോ ഒാർഡിനേഷൻ കമ്മിറ്റി ചെയർമാനായ ആസ്ട്രേലിയക്കാരൻ ജോൺ കോട്ട്സിനും രോഗം സ്ഥിരീകരിച്ചിരുന്നു.

ഡയമണ്ട് ലീഗ് മാറ്റി

കൊറോണ വ്യാപനത്തെതുടർന്ന് ഇന്റർനാഷണൽ അത്‌ലറ്റിക്സ് ഫെഡറേഷന്റെ എലൈറ്റ് ഡയമണ്ട് ലീഗ് സർക്യൂട്ടിലെ ആദ്യമൂന്ന് ട്രാക്ക് ഇവന്റുകൾ മാറ്റിവച്ചു. ഏപ്രിൽ 17ന് ദോഹ, മേയ് 16ന് ഷാങ്‌ഹായ്, മേയ് 9ന് ചൈനയിലെ മറ്റൊരു നഗരം എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരങ്ങളാണ് മാറ്റിയത്.

ആകെ വലഞ്ഞ്

വലൻസിയ

35 ശതമാനം കളിക്കാർക്കും

കൊറോണ

സ്പെയ്‌നിൽ നാശം വിതയ്ക്കുന്ന കൊറോണ വൈറസ് ലാലിഗ ഫുട്ബാൾ ക്ളബ് വലൻസിയയെ ആകെ വലച്ചിരിക്കുകയാണ്. കളിക്കാരും സ്റ്റാഫുമായി ക്ളബിന്റെ 35 ശതമാനം പേർക്കും വൈറസ് ബാധയേറ്റതായി ക്ളബ് അധികൃതർ അറിയിച്ചു. അർജന്റീനിയൻ താരം എസക്കിയേൽ ഗാരേയ്ക്കും ഫ്രഞ്ച് താരം ഏലിയാക്വിം മംഗലായ്ക്കും കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. കൂടുതൽപേർക്ക് രോഗം ബാധിച്ചതായി ഇന്നലെയാണ് അറിയിപ്പ് വന്നത്. ഇൗ മാസമാദ്യം യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഫൈനലിൽ അറ്റലാന്റയെ നേരിടാൻ വലൻസിയ ഇറ്റലിയിലെ മിലാൻ സന്ദർശിച്ചിരുന്നു.അവിടെനിന്നാണ് വൈറസ് വലൻസിയയെ തേടിയെത്തിയത്.