വെഞ്ഞാറമൂട്: ആശ്രയതീരം വില്ലേജിൽ നിന്ന് ജോൺസൺ യാത്രയാകുമ്പോൾ അന്തേവാസികളുടെയും ജീവനക്കാരുടെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞിരുന്നു. ജോൺസൺ നന്ദിയോടെ എല്ലാവരെയും നോക്കി സങ്കടത്തോടെ പുഞ്ചിരിച്ചു. ജീവിതം കെെവെള്ളയിൽ വച്ചുതന്ന എച്ച്.ആർ.ഒ ജോബിയെ നന്ദി അറിയിച്ച് പുതിയ ജീവിതത്തിലേക്ക് യാത്രയായി. തക്കല മരുതുംകുറിശ്ശി സ്വദേശിയും അവിവാഹിതനുമായ ജോൺസൺ ദീർഘകാലം സൗദിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. നാട്ടിലെത്തിയ ശേഷം എപ്പോഴോ വീടുവിട്ടിറങ്ങി പല നാട്ടിലും അലഞ്ഞു. ഒരുവർഷം മുൻപ് മാനസിക വിഭ്രാന്തിയിൽ അലഞ്ഞുനടന്ന ജോൺസനെ പൊലീസ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. സ്വന്തം പേരും നാടും പറയാൻ കഴിയാത്ത ആളെ പാണ്ഡൃൻ എന്ന് പേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജനുവരിയിൽ ആശുപത്രിയിൽ നിന്നു കിട്ടിയ അറിയിപ്പനുസരിച്ച് ആശ്രയതീരം പ്രവർത്തകർ ഇയാളെ കൂട്ടിക്കൊണ്ട് വരികയായിരുന്നു. ആശ്രയതീരം വില്ലേജിലെ അന്തരീക്ഷത്തിൽ പാണ്ഡ്യൻ പതുക്കെ പതുക്കെ സംസാരിച്ചുതുടങ്ങി. ഊരും പേരും നാടും പറഞ്ഞു. ആശ്രയതീരം എച്ച്.ആർ.ഒ ജോബി പാണ്ഡ്യന്റെ ജന്മദേശം തേടിയിറങ്ങി. മികച്ച സാമ്പത്തികഭദ്രതയുള്ള കുടുംബ പശ്ചാത്തലം. ജോൺസനെ കാണാതായതിനു ശേഷം വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. പലയിടത്തും അന്വേഷിച്ചു. മകനെ കാണാത്ത വിഷമത്തിൽ അച്ഛൻ മരണപ്പെട്ടു. മകൻ എന്നെങ്കിലും തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയിൽ കാത്തിരിക്കുന്ന അമ്മയെ കണ്ട് വിവരം അറിയിച്ചു. തുടർന്ന് ഒരുകുടുംബം മുഴുവൻ ജോബിയോടൊപ്പം വെഞ്ഞാറമൂട് ആശ്രയതീരത്തിലേക്ക് യാത്രതിരിച്ചു. നിറകണ്ണുകളോടെ എല്ലാരും ജോൺസനെ യാത്രയാക്കി.