തിരുവനന്തുപുരം: കൊറോണ രോഗപ്രതിരോധത്തിന്റെ പേരിൽ ആരും നിയമം കൈയിലെടുക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിനോദസഞ്ചാരികളോട് മോശം സമീപനമുണ്ടാകരുത്. അത് നാടിനെക്കുറിച്ച് മോശം അഭിപ്രായമുണ്ടാക്കും. മനുഷ്യത്വം ഹനിക്കപ്പെടുന്ന ഒരനുഭവവും അനുവദിക്കില്ല. പലയിടത്തും വിദേശികൾ താമസവും ഭക്ഷണവും ലഭിക്കാതെ ബുദ്ധിമുട്ടുകയും പോലീസ് ഇടപെട്ട് സഹായം നൽകേണ്ടിവരികയും ചെയ്തതിനാലാണ് ഇത് ആവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശ്രീചിത്രയിലെ ഡോക്ടർമാർ നിരീക്ഷണത്തിലാണെന്ന കാര്യം മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ:
''അതിന്റെ ഒരു പ്രശ്നം അങ്ങനെയാണ്. കൂടുതലാകാതിരിക്കാനുള്ള ജാഗ്രതയാണ് വേണ്ടത്. ശ്രീചിത്ര സംസ്ഥാന സർക്കാരിന് വിവരങ്ങൾ കൈമാറാൻ ബാദ്ധ്യതയുള്ള സ്ഥാപനം അല്ല. നേരത്തെ നല്ല രീതിയിൽ അവർ സംസ്ഥാന സർക്കാരുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. എന്തോ ചില പ്രയാസങ്ങൾ അവിടെയുണ്ട് എന്നു തോന്നുന്നു. ''.