നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം : ദേശീയ ചാമ്പ്യൻഷിപ്പിനായുള്ള ട്രെയിൻ യാത്രയ്ക്കിടെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച കായികപരിശീലകനെ സസ്‌പെൻഡ് ചെയ്യാനുള്ള കായികമന്ത്രിയുടെ നിർദ്ദേശം തള്ളിക്കളഞ്ഞ് സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്ഥലം മാറ്റത്തിലൊതുക്കി. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ചൈൽഡ് വെൽഫയർ കമ്മിറ്റിയെയും സമീപിച്ചിരിക്കുകയാണ് മറ്റ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ.
കുറച്ചുനാൾമുമ്പ് നടന്ന സംഭവത്തിന്റെ മൊബൈൽ ദൃശ്യങ്ങൾ കൗൺസിലിന്റെ ഉന്നതരിലേക്ക് എത്തിയിരുന്നു. കായിക വകുപ്പ് മന്ത്രിക്ക് പരാതിയും ലഭിച്ചു. തുടർന്ന് കർശന നടപടിയെടുക്കാൻ മന്ത്രിയുടെ ഒാഫീസ് കൗൺസിലിന് നിർദ്ദേശം നൽകി. കൗൺസിൽ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഇൗ വിഷയം ചർച്ചയ്ക്ക് വന്നപ്പോൾ ഭൂരിപക്ഷം അംഗങ്ങളും സസ്പെൻഷനുവേണ്ടി വാദിച്ചു. എന്നാൽ ഇത്തരം സംഭവങ്ങൾ പുറത്തുവരുന്നത് കൗൺസിലിന് നാണക്കേടാണെന്ന നിലപാടിലായിരുന്നു തലപ്പത്തുള്ള ചിലർ. തുടർന്ന് അന്വേഷണവും തെളിവെടുപ്പും നടത്തി തീരുമാനമെടുക്കാൻ വിടുകയായിരുന്നു.
ഏറെ നാളിനുശേഷം നടന്ന തെളിവെടുപ്പിന് ശേഷം പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി കോച്ചിന് സ്ഥലംമാറ്റം മാത്രം നൽകി വിഷയം ഒതുക്കുകയായിരുന്നു കൗൺസിൽ. പരിശീലകന്റെ കായിക ഇനം ഇല്ലാത്തയിടത്തേക്കാണ് സ്ഥലം മാറ്റം നൽകിയതും.
സംഭവം ഒതുക്കിതീർക്കാനുള്ള കൗൺസിലിന്റെ ശ്രമമാണ് ഇതെന്ന് അപ്പോൾ തന്നെ രക്ഷിതാക്കൾക്കിടയിൽ അഭിപ്രായമുയർന്നിരുന്നു. ഇത്തരം പരിശീലകർ ഉള്ള ഇടങ്ങളിലേക്ക് എങ്ങനെ തങ്ങളുടെ കുട്ടികളെ അയയ്ക്കും എന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്. ഇതേ തുടർന്നാണ് മുഖ്യമന്ത്രിയെ തന്നെ സമീപിക്കാൻ അവർ തയ്യാറായത്.
പരാതി ആദ്യമല്ല,
ഒതുക്കി തീർക്കലും
ഇതേ പരിശീലകനെതിരെ ലൈംഗിക പീഡന പരാതികൾ ഉയരുന്നത് ആദ്യമായല്ല. കഴിഞ്ഞ ഇടതുസർക്കാരിന്റെ ഭരണകാലത്ത് മറ്റൊരു ജില്ലയിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിനികളെക്കൊണ്ട് ശരീരം മസാജ്ചെയ്യിപ്പിച്ചതിന് ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നു. അന്ന് പ്രസിഡന്റായിരുന്ന ടി.പി ദാസൻ താത്കാലികമായി സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി. എന്നാൽ പരാതിക്കാരി കൗൺസിൽ നടത്തിയ തെളിവെടുപ്പിന് തുടർച്ചയായി എത്താതിരുന്നതോടെ കുറ്റവിമുക്തനാക്കപ്പെട്ടു. സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഇങ്ങനെ ചെയ്യിച്ചതെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ ഇയാളെ പെൺകുട്ടികളുമുള്ള ഹോസ്റ്റലുകളിൽ ഇയാളെ നിയമിക്കരുതെന്ന് അന്നത്തെ സ്റ്റാൻഡിംഗ് കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. പക്ഷേ അടുത്ത സർക്കാർ വന്നപ്പോൾ വീണ്ടും പെൺകുട്ടികളെ പരിശീലിപ്പിക്കാൻ നിയോഗിച്ചു.
ആദ്യസംഭവത്തിൽ പക്ഷേ ബലിയാടായത് പരാതി സംസ്ഥാന കൗൺസിൽ അധികൃതരെ അറിയിച്ച ഹോസ്റ്റലിന്റെ വനിതാ വാർഡനായിരുന്നു. താത്കാലിക ജീവനക്കാരിയായ ഇവർക്ക് ജോലിയിൽ നിന്ന് ഒഴിവാകേണ്ടിവന്നു. പിന്നീട് കാലാകാലങ്ങളിൽ മാറിമാറി വന്ന കൗൺസിൽ ഭാരവാഹികൾക്ക് മുന്നിൽ മുൻ കായിക താരം കൂടിയായ ഇവർ ജോലിക്ക് അപേക്ഷിച്ചെങ്കിലും പരിഗണിച്ചില്ല.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ സ്ഥാപനംതന്നെ അന്വേഷിച്ച് ഒതുക്കിതീർക്കുന്നത് ശരിയായ നടപടിയല്ല. ഇത്തരം പരാതികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും മറ്റ് ഉന്നത സമിതികൾക്കും കൈമാറുകയാണ് വേണ്ടത്.
എം. രാജഗോപാൽ
ചൈൽഡ് വെൽഫയർ കമ്മിറ്റി
മുൻ അംഗം.