കോവളം: ഒന്നാംഘട്ട ശുചീകരണം പൂർത്തിയായ പാർവതി പുത്തനാർ വീണ്ടും മാലിന്യവാഹിയാകുന്നു. ഏതാനും മാസം മുമ്പ് ശുചിയാക്കിയ സ്ഥലങ്ങളിൽ മന്ത്രിമാർ ഉൾപ്പെടെ ബോട്ട് സവാരി നടത്തിയെങ്കിലും പാർവതി പുത്തനാർ ഇപ്പോൾ പഴയതുപോലെയാണ്. വള്ളക്കടവ് മുതൽ കരിക്കകം വരെ പലഭാഗത്തും കോഴിവേസ്റ്റും പ്ലാസ്റ്റിക് കുപ്പികളും നിറഞ്ഞിരിക്കുകയാണ്. കോടികൾ ചെലവഴിച്ച് സർക്കാർ ശുചീകരണം നടത്തിയതിന് പിന്നാലെയാണ് പാർവതി പുത്തനാറിൽ വീണ്ടും മാലിന്യം നിറയുന്നത്. ചാക്കുകളിൽ കെട്ടി മാലിന്യം വലിച്ചെറിയുന്നത് കാരണം നാട്ടുകാർ മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയാണ്. മാലിന്യം നിറഞ്ഞ പാർവതി പുത്തനാറിൽ മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് നവീകരണം നടത്തിയത്.
കോവളം – കാസർകോട് ജലപാത പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ കൊച്ചി വിമാനത്താവള കമ്പനിയായ സിയാലിന്റെ പങ്കാളിത്തത്തോടെ രൂപീകരിച്ച കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് കഴിഞ്ഞ ജൂണിൽ പാർവതി പുത്തനാർ ശുചീകരിച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടമായി പനത്തുറ മുതൽ ആക്കുളം വരെയുള്ള ശുചീകരണം പൂർത്തിയാക്കി. വിദേശത്ത് നിന്നെത്തിച്ച സിൽറ്റ് പുഷറെന്ന യന്ത്രത്തിന്റെ സഹായത്തോടെ കുളവാഴയും ചെളിയും നീക്കി. ആക്കുളം മുതൽ വള്ളക്കടവ് വരെ ആഴം കൂട്ടുകയും ബോട്ട് ഓടിക്കുകയും ചെയ്‌തിരുന്നു. എന്നാൽ വീണ്ടും മാലിന്യങ്ങൾ തള്ളിയതിനെ തുടർന്ന് ഇവിടെ വീണ്ടും ശുചീകരിച്ചു. നഗരസഭയുടെ സ്‌ക്വാഡുകൾ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തിരുവിതാംകൂറിന്റെ ജലപാത
----------------------------------------------------
തിരുവനന്തപുരത്തെ വള്ളക്കടവ് (കല്പാക്കടവ്) മുതൽ വർക്കല കുന്നുവരെയുള്ള പ്രധാന കായലുകളെ തോടുകൾ വെട്ടി ബന്ധപ്പെടുത്തി നിർമ്മിച്ച ജലപാതയാണ് പാർവതി പുത്തനാർ. 1824ൽ തിരുവിതാംകൂറിലെ റീജന്റായി ഭരണം നടത്തിയിരുന്ന റാണി ഗൗരി പാർവതി ഭായിയാണ് ഈ ചാൽ നിർമ്മിച്ചത്. പൂന്തുറയിലും വേളിയിലുമായി ജലപാത സമുദ്രത്തിലേക്ക് തുറക്കുന്നതിനാൽ പ്രകൃത്യായുള്ള ശുചീകരണം സാദ്ധ്യമായിരുന്നു. എന്നാൽ ഇന്ന് മൺതിട്ടകൾ രൂപംകൊണ്ട് ഈ ഭാഗം അടഞ്ഞു.