തിരുവനന്തപുരം: പൊന്മുടി യാത്രയ്ക്ക് പിന്നാലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സർക്കാർ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എൽ.എൽ.ബി പരീക്ഷയുടെ അവസാന ദിവസമായിരുന്ന ഇന്നലെ അദ്ദേഹം ബാർട്ടൻഹിൽ ലാ കോളേജ് സന്ദർശിച്ചു. സന്ദർശനം കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനാണെന്നാണ് വിശദീകരണം. മുപ്പതോളം വിദ്യാർത്ഥികളോടാണ് ഒരു മുൻകരുതലുമില്ലാതെ ഗവർണറും സംഘവും സംസാരിച്ചത്. ഹാൻഡ് സാനിറ്റൈസറും മുഖാവരണവും ഇവർ ഉപയോഗിച്ചില്ല. കൊറോണ നിയന്ത്രണങ്ങൾക്കിടെ ഗവർണർ പൊന്മുടിയിലേക്ക് യാത്ര പോയത് വിവാദമായിരുന്നു. സർക്കാരിന്റെ നിയന്ത്രണങ്ങൾ താൻ ലംഘിച്ചില്ലെന്നാണ് പൊന്മുടി സന്ദർശനത്തെക്കുറിച്ച് ഗവർണർ പറഞ്ഞത്. 36 മണിക്കൂർ മാത്രമാണ് ഇവിടെയുണ്ടായിരുന്നതെന്നും വിവിധ വകുപ്പുകളുടെ യോഗം വിളിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. പരീക്ഷകൾ മാറ്റിവയ്ക്കണ്ടതില്ലെന്ന നിലപാട് പ്രഖ്യാപിച്ചാണ് ഗവർണർ ലാ കോളേജിൽ നിന്ന് മടങ്ങിയത്.