തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ഹൈവേ പൊലീസിന്റെ വാഹനത്തിന് നേരെ ആക്രമണം. ഇന്നലെ രാത്രി 11.30ഓടെ കേശവദാസപുരത്ത് ബൈക്കിൽ വന്ന മൂന്ന് യുവാക്കൾ പൊലീസ് ജീപ്പിന്റെ മുന്നിലെ ചില്ല് കമ്പ് ഉപയോഗിച്ച് അടിച്ച് പൊട്ടിക്കുകയായിരുന്നു. വാഹനം നിറുത്തിയിട്ട് പൊലീസുകാർ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് സംഭവമെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു. സംഭവം കണ്ട് പൊലീസ് ഓടിയെത്തിയപ്പോഴേക്കും സംഘം ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സംഭവമറിഞ്ഞ് കൂടുതൽ ആളുകൾ തടിച്ചുകൂടി. ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് പ്രതികൾക്കായി മെഡിക്കൽ കോളേജ് പൊലീസ് തെരച്ചിൽ തുടങ്ങി.