
തിരുവനന്തപുരം: ഓഖി, പ്രളയം, നിപ്പ ഇപ്പോൾ കൊറോണ... പ്രതികൂല സാഹചര്യങ്ങളിൽ സംശയ
നിവാരണത്തിനുള്ള ആശ്രയമായി 'ദിശ' ഹെൽപ്പ് ലൈൻ. ഈ കൊറോണക്കാലത്തും ഏറ്റവും അധികം ഫോൺ വിളികളെത്തിയത് ദിശയിലേക്കാണ്. ഞങ്ങൾക്ക് കൊറോണ വരുമോ ?, ഞങ്ങൾ ഐസൊലേഷനിൽ കിടക്കണോ?, ഞങ്ങൾ ഇനി എന്താണ് ചെയ്യേണ്ടത് ? തുടങ്ങിയ ആയിരത്തിലധികം ചോദ്യങ്ങളാണ് ദിശയിലെത്തുന്നത്. ഹെൽപ്പ് ലൈൻ 24 മണിക്കൂറും ലഭ്യമാണ്. നാഷണൽ ഹെൽത്ത് മിഷന്റെ 16 കൗൺസിലർമാരും 20 എം.എസ്.ഡബ്ല്യു വിദ്യാർത്ഥികളുമാണ് ദിശയുടെ കൊറോണ സെല്ലിൽ പ്രവർത്തിക്കുന്നത്. എല്ലാ ജില്ലകളിൽ നിന്നും ഡി.എം.ഒ ഉൾപ്പെടെ 5 വിദഗ്ദ്ധ ഡോക്ടർമാരും ദിശ ഹെൽപ്പ് ലൈനിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. കൗൺസിലർമാർക്ക് ഉത്തരം പറയാൻ കഴിയാത്ത കാളുകൾ വിദഗ്ദ്ധ ഡോക്ടർമാർക്ക് കൈമാറും. അവശ്യഘട്ടങ്ങളിൽ ഡോക്ടർമാരുടെ സേവനം, ആംബുലൻസ് , ആരോഗ്യ വകുപ്പിന്റെ സഹായം തുടങ്ങി വിവിധ സേവനങ്ങളും ദിശയിലൂടെ ലഭ്യമാണ്. ഐസൊലേഷൻ, ഹോം ക്വാറന്റൈൻ തുടങ്ങി കൊറോണ സംബന്ധിച്ച ആരോഗ്യപരമായ എല്ലാ സംശയങ്ങൾക്കും ഉത്തരം ലഭിക്കും. തുടക്കത്തിൽ 6 ഡെസ്‌ക്കുകളിലായി ആരംഭിച്ച സെല്ല് ഇപ്പോൾ 14ആയി ഉയർത്തിയിട്ടുണ്ട്. നിലവിൽ കേരളത്തിലും വിദേശത്തും അന്യസംസ്ഥാനങ്ങളിൽ നിന്നുമായി 2000ത്തിലധികം കാളുകൾ ദിവസേന വരുന്നുണ്ടെന്നാണ് ഇവർ പറയുന്നത്. ലക്ഷദ്വീപിൽ നിന്നും കേരളത്തിൽ നിന്നും ടോൾ ഫ്രീയായി വിളിക്കാം. ബാക്കിയുള്ള സ്ഥലങ്ങളിൽ നിന്ന് നിരക്ക് ഈടാക്കും. ദിശ ഹെൽപ്പ് ലൈൻ:1056,1077, കൊറോണ കാൾ സെന്റർ :0471 2309250,04712309251,04172309252
ദിശ തുടങ്ങിയത് 2013ൽ
2013ൽ സംസ്ഥാന സർക്കാരും നാഷണൽ ഹെൽത്ത് മിഷന്റെയും കീഴിൽ കുട്ടികൾക്കുള്ള കൗൺസലിംഗിന്റെ ഭാഗമായി ആരംഭിച്ചതാണ് ഈ ഹെൽപ്പ് ലൈൻ. 2014ൽ ഇത് വിപുലീകരിച്ച് എല്ലാ കാറ്റഗറിയിലുമുള്ള കൗൺസലിംഗ് ക്രമീകരിച്ചു. കേരളത്തിൽ ദിശയ്ക്ക് ആകെയുള്ള ആസ്ഥാനമന്ദിരം തിരുവനന്തപുരം തൈക്കാട്ടാണ്. ഡോ. അരുൺ. പി.വി ദിശയുടെ നോഡൽ ഓഫീസറും അഖില.വി. നായർ മാനേജരുമാണ്.
"ദിശയിലൂടെ കൂടുതൽ പേർക്ക് മാനസിക സമ്മർദവും സംശയ ഭീതിയും ഒഴിവാക്കാൻ സാധിക്കുന്നുണ്ട്. ഇത് എല്ലാ ജനങ്ങളും പരമാവധി പ്രയോജനപ്പെടുത്തണം. ദേശീയ ആരോഗ്യ ഉപദേശക ഹെൽപ്പ് ലൈൻ നമ്പരായ 104 ൽ ദിശ ഹെൽപ്പ് ലൈൻ ഉൾപ്പെടുത്താനുള്ള ആലോചനയുണ്ട്."
അഖില. വി.നായർ, മാനേജർ ദിശ ഹെൽപ്പ് ലൈൻ
 കൊറോണ സംശയ നിവാരണത്തിനായി
ദിശയിലേക്ക് ലഭിച്ച ഫോൺകാളുകൾ - 17,000