വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദേശിക്കപ്പെട്ട പിരപ്പൻകോട് പാലാംകോണം പന്തപ്ലാവിക്കോണം നെല്ലനാട് അമ്പലംമുക്ക് റോഡ് നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നു. രണ്ടുവർഷം മുൻപാണ് ഈ റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. കിഫ്ബിയിൽ നിന്നും 32.77 കോടിരൂപയാണ് ഈ പദ്ധതിക്ക് വേണ്ടി അനുവദിച്ചത്. ടെണ്ടർ കാലാവധി പൂർത്തിയായിട്ടും 60 ശതമാനം ജോലികൾ ഇനി ചെയ്തു തീർക്കാനുണ്ട്. ജോലികൾ തുടങ്ങുന്നതിന്റെ ആദ്യഘട്ടമായി പഴയ ടാറിംഗ് ഇളക്കി പുതിയ മെറ്റൽ ഇട്ടിരിക്കുന്നത് കാരണം കാൽനടയാത്രയും വാഹനഗതാഗതവും അസാദ്ധ്യമായിരിക്കയാണ്. വേനൽക്കാലമായതോടെ റോഡിന് സമീപത്തെ വീടുകളിൽ ജനജീവിതം ദുഃസഹമാക്കികൊണ്ട് പൊടിശല്യം രൂക്ഷമായി.
നാഗരുകുഴി മുതൽ അമ്പലംമുക്ക് വരെയുള്ള റോഡിന്റെ ഭാഗത്ത് ഓട നിർമ്മാണവും പാർശ്വ ഭിത്തിനിർമ്മാണവും പൂർത്തികരിക്കാതെയാണ് കാലാവധി പൂത്തിയായ വേളയിൽ ധൃതി പിടിച്ച് ഒന്നാം ഘട്ട ടാറിംഗ് ജോലികൾ നടത്തിയത്. നെല്ലനാട് ജംഗ്ഷൻ മുതൽ അങ്കണവാടി വരെയുള്ള 300 മീറ്റർ ദൂരം പാർശ്വ ഭിത്തി നിർമ്മാണത്തിനും ടാറിംഗിനുമായി ഇനിയും മാസങ്ങൾ വേണ്ടി വരുമെന്ന് നാട്ടുകാർ പറയുന്നു. റോഡ് പണിതുടങ്ങിയിട്ട് രണ്ട് വർഷമായിട്ടും പ്രധാനപ്പെട്ട നിർമ്മാണപ്രവർത്തനങ്ങളായ പാലങ്ങളുടെയും ഓടകളുടെയും ജോലികൾ ഇനിയും ബാക്കിയാണ്
2018ൽ തുടങ്ങിയ ജോലികൾ കരാർ ഏറ്റെടുത്ത കമ്പനിയുടെ മെല്ലെപ്പോക്കുനയം മൂലമാണ് ഇത്രയും കാലതാമസം ഉണ്ടാവാൻ കാരണമെന്നും നിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുത്ത് കാലതാമസം വരുത്തിയിട്ടുള്ള കമ്പനിക്ക് കരാർ ഉറപ്പിച്ചതാണ് ഈ ദുരന്തത്തിന് കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു. പിരപ്പൻകോട് അമ്പലംമുക്ക് റോഡിന് പുതിയ ടെണ്ടർ വിളിച്ച് ജോലികൾ വേഗത്തിൽ പൂർത്തികരിച്ച് ശാപമോക്ഷം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പടുന്നു.