jail-mask

തിരുവനന്തപുരം: കൊറോണയെ പ്രതിരോധിക്കാനുള്ള മാസ്കുകൾ പുഷ്പംപോലെ തയ്ച്ച് ക്ഷാമത്തെ മറികടക്കാൻ യത്നിക്കുന്ന തടവുകാർക്ക് ജയിൽ ഡി.ജി.പിയുടെ കിടിലൻ ഓഫർ! മാസ്ക് നിർമ്മാണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്ന തടവുകാർക്ക് ശിക്ഷാകാലയളവിൽ 60 ദിവസംവരെ കുറയ്ക്കാൻ ശുപാർശ നൽകാമെന്ന ഉറപ്പും ഇരട്ടിക്കൂലിയും. കഴിഞ്ഞ ദിവസം തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ സന്ദർശനം നടത്തിയതിന് പിന്നാലെയാണ് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് ഇക്കാര്യങ്ങളിൽ ഉറപ്പ് നൽകിയത്.

ജയിൽ ഡി.ജി.പിക്ക് ഒരു തടവുകാരന്റെ ശിക്ഷാ കാലയളവിൽ നിന്ന് 60 ദിവസം വരെ കുറയ്ക്കാനുള്ള ശുപാർശ നൽകാൻ അധികാരമുണ്ട്. മാസ്ക് നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തടവുകാർക്ക് ഇത് നടപ്പാക്കുമെന്ന് ഋഷിരാജ് സിംഗ് 'ഫ്ളാഷി'നോട് പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ സംസ്ഥാനത്തിനൊപ്പം നിൽക്കുന്ന ജയിൽ അന്തേവാസികളെ തള്ളിക്കളയാൻ പാടില്ലെന്നാണ് ഋഷിരാജ് സിംഗിന്റെ പക്ഷം. ഓടിയെത്താൻ പറ്രുന്ന ജയിലുകളിലെല്ലാം നേരിട്ടെത്തിയാണ് ഋഷിരാജ് സിംഗ് ഇത്തരം പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്. എത്തിച്ചേരാൻ പറ്റാത്ത ജയിലുകളിൽ ഫോണിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കാര്യങ്ങൾ തിരക്കുന്നു.

മൂന്ന് ഷിഫ്റ്റുകളിലായാണ് തടവുകാർ മാസ്‌ക് നിർമ്മാണം നടത്തുന്നത്. മാസ്‌കുകളിൽ ഭൂരിപക്ഷവും ആരോഗ്യവകുപ്പിനാണ് കൈമാറുന്നത്. കഴിഞ്ഞ ദിവസം മുതൽ ജയിലുകളിൽ നേരിട്ടെത്തി പൊതുജനങ്ങൾക്ക് മാസ്ക് വാങ്ങാനുള്ള സൗകര്യവും ആരംഭിച്ചിട്ടുണ്ട്. വനിതാ ജയിലുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 35 ജയിലുകളിലാണ് മാസ്ക് നിർമ്മാണം നടത്തുന്നത്. സാനിറ്റൈസറുകളുടെ നിർമ്മാണം ആറ് ജയിലുകളിൽ ആരംഭിക്കാനുള്ള നടപടികളും തുടങ്ങി.

വെറും എട്ടുരൂപ

പതിനായിരത്തോളം മാസ്‌കുകൾ നിർമ്മിച്ച് ആരോഗ്യ വകുപ്പിന് കൈമാറിയെന്ന് ജയിൽ അധികൃതർ പറയുന്നു. ഡോക്ടർമാരുടെ മാർഗനിർദ്ദേശത്തിലാണ് മാസ്‌കുകൾ നിർമ്മിക്കുന്നത്. ലിനൻ തുണിയിൽ നിർമ്മിക്കുന്നതിനാൽ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന മാസ്‌കുകളാണിവ. സാമൂഹ്യനീതി വകുപ്പാണ് നിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്നത്.

പൂർണമായും അണുവിമുക്തമാക്കിയാണ് മാസ്‌കുകൾ കൈമാറുന്നതെന്ന് അധികൃതർ പറയുന്നു. പുറത്ത് 25 രൂപയ്ക്ക് ലഭിക്കുന്ന മാസ്‌കുകൾ ജയിൽ വകുപ്പ് നൽകുന്നത് എട്ടു രൂപയ്ക്കാണ്.

ഒരു ദിവസം ഒരു ജയിലിൽ നിന്ന് അഞ്ഞൂറോളം മാസ്‌കുകളാണ് രാവ് പകലാക്കി തടവുകാർ നിർമ്മിക്കുന്നത്. ചില ദിവസങ്ങളിലാകട്ടെ രാത്രി 12 മണി വരെയൊക്കെ നിർമ്മാണം നീളുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

കൊള്ളയ്ക്ക് തടയിട്ടു

ത്രീ ലെയർ സർജിക്കൽ മാസ്‌കുകൾ കിട്ടാനില്ലാത്തതും ഉള്ളതിന് കൊള്ള വില ഈടാക്കുന്നതും ശ്രദ്ധയിൽ പെട്ടതോടെയാണ് സർക്കാരിന്റെ അടിയന്തര ഇടപെടലിൽ സംസ്ഥാനത്തെ മൂന്ന് സെൻട്രൽ ജയിലുകളിൽ തുണി മാസ്‌ക് നിർമാണം തുടങ്ങിയത്. 6 മണിക്കൂർ ഉപയോഗിച്ച ശേഷം സോപ്പിട്ട് നന്നായി കഴുകി വെയിലത്തുണക്കിയും ഇസ്തിരിയിട്ടും മാസ്‌ക് വീണ്ടും ഉപയോഗിക്കാം.

രണ്ടുതരം മാസ്‌കുകളാണ് കൊറോണയെ നേരിടാൻ ഉപയോഗിക്കുന്നത്. എൻ 95 മാസ്‌ക്, ത്രീ ലയർ സർജിക്കൽ മാസ്‌ക്. എൻ 95 മാസ്‌ക് കൊറോണ ബാധിച്ചവർക്കും അവരെ പരിചരിക്കുന്നവർക്കുമാണ് അവശ്യം. ഈ രണ്ട് മാസ്‌കുകളും കിട്ടാനില്ലാത്ത സാഹചര്യത്തിലാണ് തുണി മാസ്‌കുകൾ ഉപയോഗിക്കാം എന്ന് വിദഗ്ദ്ധർ നിർദ്ദേശിച്ചത്. അങ്ങനെയാണ് ജയിലുകളിൽ നിർമ്മാണം ആരംഭിച്ചത്.

വിയ്യൂർ ഉൾപ്പെടെ ചില ജയിലുകളിൽ രണ്ട് തരത്തിലുള്ള മാസ്കുകളും നിർമ്മിക്കുന്നുണ്ട്. പുനരുപയോഗിക്കാൻ കഴിയുന്ന തുണിയിൽ നിർമ്മിച്ച മാസ്‌കും ഒറ്റ തവണ ഉപയോഗിക്കാവുന്ന മാസ്‌കുകളും.