vld-1-

വെള്ളറട: ടൂറിസം സാദ്ധ്യതകൾ കണക്കിലെടുത്ത് വെള്ളറടയിൽ ഗ്രാമപഞ്ചായത്ത് തുടക്കമിട്ട രണ്ടു പദ്ധതികളുടെ നിർമ്മാണപ്രവർത്തനങ്ങൾ പാതി വഴിയിൽ നിലച്ചു. പ്ളാങ്കുടിക്കാവ് നെടുംപാറ ഇക്കോടൂറിസം, ചിറത്തലയ്ക്കൽ കുളത്തിലെ പെഡൽ ബോട്ട് എന്നീ പദ്ധതികളാണ് വ്യത്യസ്ത കാരണങ്ങളാൽ ഉപേക്ഷിച്ച നിലയിലായത്. പന്നിമല വാർഡിലാണ് പ്ളാങ്കുടിക്കാവ് നെടുംപാറ ഇക്കോടൂറിസം പദ്ധതിക്കുവേണ്ടി ഗ്രാമപഞ്ചായത്ത് ഇരുപത് ലക്ഷം രൂപ മാറ്റിവച്ച് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. സഹ്യപർവത അടിവാരത്തെ കൂനിച്ചി, കൊണ്ടകെട്ടി കുരിശുമല, കാളിമല തീർത്ഥാടന കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ ഇക്കോടൂറിസം പദ്ധതി ആസ്വദിക്കാൻ നിരവധിപേർ സമീപപ്രദേശങ്ങളിൽ നിന്നുമെത്തുമെന്നും ഇതിലൂടെ പഞ്ചായത്തിൽ ടൂറിസം വികസനം സാദ്ധ്യമാക്കാനുമാണ് ലക്ഷ്യമിട്ടത്. മല മുകളിൽ കയറിയാൽ കിലോമീറ്ററുകൾ ദൂരമുള്ള ഗ്രാമകാഴ്ചകൾ വീക്ഷിക്കാനും കഴിയും. ആദ്യം ടൂറിസ്റ്റുകൾക്ക് വെയിലേൽക്കാതെ ഇരിക്കാനുള്ള ഇരിപ്പിടങ്ങളും ചെറു കുടിലുകളും നിർമ്മിക്കാനാണ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്ളാങ്കുടിക്കാവിൽ ഇരിപ്പിടങ്ങളുടെ പണിയും തുടങ്ങിയിരുന്നു. എന്നാൽ സർക്കാരിന്റെ റവന്യൂ ഭൂമിയിൽ മുൻകൂട്ടി അനുവാദം വാങ്ങാതെയാണ് പദ്ധതി തുടങ്ങിയത്. ഈ സ്ഥലം സർക്കാർ സ്വകാര്യ വ്യക്തിക്ക് ലീസിന് കൊടുത്തിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഇത് റദ്ദാക്കാൻ പോലും കഴിഞ്ഞിട്ടില്ല. ഇതിനാൽ ഇക്കോടൂറിസം പദ്ധതിക്കുവേണ്ടി ഇനിയും കാത്തിരിക്കേണ്ടിവരും. ഇതിനു പുറമേ വെള്ളറട വാർഡിൽ രണ്ടേക്കറോളം വിസ്തീർണമുള്ള ചിറത്തലയ്ക്കൽ കുളം നവീകരിച്ച് പെഡൽ ബോട്ട് പദ്ധതി നടപ്പാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ചെളി കോരി മാറ്റി കുളത്തിന്റെ രണ്ട് വശത്ത് സൈഡ് വാൾ കെട്ടിയപ്പോൾ നീക്കിവച്ചിരുന്ന ഫണ്ട് തീർന്നു. ചിറത്തലയ്ക്കലിൽ നവീകരണം പാതിവഴിയിലായ കുളത്തിന്റെ പരിസരത്ത് പച്ചതുരുത്ത് പദ്ധതി തുടങ്ങാനാണ് ഇപ്പോൾ ശ്രമം. രണ്ടു പദ്ധതികളും നടപ്പാക്കാൻ സാധിച്ചാൽ പഞ്ചായത്തിന് വരുമാനവും തൊഴിൽ സാദ്ധ്യതയും വർദ്ധിപ്പിക്കാൻ കഴിയും.