secular

ചിറയിൻകീഴ്: ഒരു വിളിപ്പാടകലെ രണ്ട് വ്യത്യസ്ത മത വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ ചിറയിൻകീഴ് മഞ്ചാടിമൂട്ടിൽ മതമൈത്രിയുടെയും മാനവ സൗഹാർദത്തിന്റെയും ഉത്തമ മാതൃകയാകുന്നു. മതിൽക്കെട്ടുകളുടെ വേർതിരിവുകളില്ലാതെയാണ് ഇവിടെ ശ്രീനാരായണ ഗുരുമന്ദിരവും മുസ്ലീം മദ്രസയും സ്ഥിതി ചെയ്യുന്നത്. ഗുരുമന്ദിരത്തിനും മദ്രസയ്ക്കുമിടയിലെ ഇവിടെ കൗതുകം പകരുന്ന കാഴ്‌ചകളിലൊന്നാണ്. കടുത്ത വേനലിൽ പോലും ആഴം തീരെയില്ലാത്ത,തെളിനീർ നിറഞ്ഞു നിൽക്കുന്ന കിണറിൽ നിന്നും കുടിവെള്ളമെടുക്കാൻ ധാരാളം ആളുകൾ എത്താറുണ്ട്.കാൽ നൂറ്റാണ്ടു മുൻപ് മഞ്ചാടിമൂട് പ്രദേശത്തെ പൗരപ്രമുഖനും ഗുരു വിശ്വാസിയുമായിരുന്ന വയലിൽ വീട്ടിൽ ദാമോദര മുതലാളിയാണു സ്വന്തം നാട്ടിൽ മാനവ സാഹോദര്യം നിലനിറുത്തുന്നതിന്റെ ഭാഗമായി മദ്രസയോടു ചേർന്നുള്ള തന്റെ സ്വന്തം ഭൂമിയുടെ ഒരു ഭാഗം ഗുരുമന്ദിരം നിർമിക്കാനായി വിട്ടു നൽകിയത്. ഇവിടെ പിന്നീട് പ്രാർത്ഥനയ്ക്കു സൗകര്യമൊരുക്കി മദ്രസ ഹാളും,തൊട്ടടുത്തായി ഗുരുമന്ദിരവുമുയർന്നു.മൂന്നു വർഷങ്ങൾക്കു മുമ്പ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചിറയിൻകീഴിൽ സന്ദർശനത്തിനെത്തിയപ്പോൾ മഞ്ചാടിമൂട്ടിലെ ഗുരു വിശ്വാസികൾ നിലവിലുണ്ടായിരുന്ന ഗുരുമന്ദിരത്തിന്റെ കാലപ്പഴക്കത്തെക്കുറിച്ചു നൽകിയ നിവേദനം പുതിയ മന്ദിര നിർമാണത്തിന് വഴിയൊരുക്കി. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന്റെ നേതൃത്വത്തിൽ മന്ദിര നിർമാണ കമ്മിറ്റി രൂപീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ. ദിവസങ്ങൾക്ക് മുൻപ് ശിവഗിരി മഠത്തിലെ സ്വാമി പരാനന്ദ പുതിയ മന്ദിരത്തിൽ ഗുരു വിഗ്രഹ പുനഃപ്രതിഷ്ഠ നിർവഹിക്കുമ്പോൾ മഞ്ചാടിമൂട് തൻവീറുൽ ഇസ്ലാം അസോസിയേഷൻ ഇമാം അഷ്ഹറുദീൻ മൗലവി മുഖ്യാതിഥിയായി പങ്കെടുത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. അതിർവരമ്പുകളില്ലാത്ത പുണ്യയിടങ്ങൾക്ക് തണലായി തേന്മാവും ബദാം മരവും സാഹോദര്യത്തിന്റെ പ്രതീകം പോലെ ഇവിടെ തലയുയർത്തി നിൽക്കുന്നു.